
ബി ജെ പി വോട്ടുകള്ളന്മാരായി അറിയപ്പെടുമ്പോള്‍ സി പി എം നോമിനേഷന് കള്ളന്മാരായി മാറിയെന്ന് ടി സിദ്ദിഖ് എം എല്‍ എ. കല്പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജി രവീന്ദ്രന്റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശം സി പി എമ്മിന്റെ പതനത്തിന്റെ തുടക്കമാണ് എന്നും അദ്ദേഹം ആരോപിച്ചു. കല്പറ്റയില് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് കല്പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ജി രവീന്ദ്രന് സി പി എമ്മിന്റെ ജനാധിപത്യ ഭരണഘടനാവിരുദ്ധ നടപടിയുടെ ഇരയാണ്. നിയമവിരുദ്ധമായി ഒരു ഡിവിഷന് ജയിക്കാന്‍ സി പി എം നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കെ ജി രവീന്ദ്രന്റെ പത്രിക തള്ളിയത് നിയമവിരുദ്ധമാണ് എന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതിയുടെ പരാമര്‍ശം സി പി എമ്മിന് കനത്ത തിരിച്ചടിയാണെന്ന് സിദ്ദിഖ് എം എല്‍ എ പറഞ്ഞു. ‘ഭരണഘടനാപരമായി ചില തടസ്സങ്ങള്‍ ഉള്ളതുകൊണ്ട് ഇപ്പോള്‍ ഇടപെടുന്നില്ലെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. എന്നാല്‍, നിയമവിരുദ്ധമായ കാര്യങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട് എന്നാണ് ഹൈക്കോടതിയുടെ വിശദീകരണം,’ എം എല്‍ എ ചൂണ്ടിക്കാട്ടി. ഈ നിയമവിരുദ്ധതയുടെ പിന്നില്‍ റിട്ടേണിങ് ഓഫീസര്‍ മാത്രമല്ല, സി പി എമ്മും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്തെ വൈഷ്ണ മുതല്‍ കല്‍പ്പറ്റയിലെ കെ ജി രവീന്ദ്രന് വരെയുള്ളവരുടെ നോമിനേഷന് തള്ളിക്കളയാന്‍ കള്ളത്തരം നടത്തി സ്ഥാനാര്‍ഥികളെ അയോഗ്യരാക്കി മാറ്റാനുള്ള ഹീനവും നികൃഷ്ടവുമായ പ്രവൃത്തിയാണ് സി പി എം നടത്തിയത്. ഈ വിഷയത്തില്‍ പൊതുസമൂഹത്തോട് സി പി എം മാപ്പുപറയണമെന്നും ടി സിദ്ദിഖ് എം എല്‍ എ ആവശ്യപ്പെട്ടു.