പത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം: ഒരു കുട്ടി കൂടി മരിച്ചു

Jaihind News Bureau
Wednesday, November 26, 2025

 


പത്തനംതിട്ട തൂമ്പാക്കുളത്ത് സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. നാല് വയസ്സുകാരനായ യദു കൃഷ്ണന്റെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം രണ്ടായി.

അപകടം നടന്ന സ്ഥലത്ത് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ഊര്‍ജിതമായ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ, ഏഴ് വയസ്സുകാരിയായ ആദിലക്ഷ്മിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ ആറ് കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മറിഞ്ഞത്. യാത്രയ്ക്കിടെ ഓട്ടോയ്ക്ക് മുന്നില്‍ പെട്ടെന്നൊരു പാമ്പിനെ കാണുകയും, ഇതിനെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.