
2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഗുജറാത്തിലെ അഹമ്മദാബാദാണ് ഗെയിംസിന് വേദിയാകാന്‍ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട നഗരം. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകുന്നത്. ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷ ഈ പ്രഖ്യാപനം ഇന്ത്യക്ക് അഭിമാന നിമിഷമാണെന്ന് പ്രതികരിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യക്ക് ആതിഥേയത്വം ലഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുമ്പ് 2010-ല്‍ ഡല്‍ഹിയിലാണ് ഇന്ത്യ ഗെയിംസിന് വേദിയായത്.
2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ, 2036-ലെ സമ്മര്‍ ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ആതിഥേയത്വം വഹിക്കാനുള്ള ഉദ്ദേശ്യപത്രം ഇന്ത്യ ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.