മുനമ്പത്ത് ആശ്വാസം; അന്തിമ വിധി വരുന്നത് വരെ ഭൂനികുതി സ്വീകരിക്കാം; ഹൈക്കോടതി ഇടക്കാല ഉത്തരവ്

Jaihind News Bureau
Wednesday, November 26, 2025

കൊച്ചി: മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഇടക്കാല അനുമതി നല്‍കി. കേസില്‍ അന്തിമ വിധി വരുന്നതുവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് ജസ്റ്റിസ് സി. ജയചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഭൂനികുതി സ്വീകരിക്കാന്‍ റവന്യു അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി ഉള്‍പ്പെടെ നിരവധി ഹര്‍ജികളാണ് കോടതിയുടെ മുന്‍പാകെയുള്ളത്.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന്, ഭൂനികുതി സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമ വിധി വരുന്നത് വരെ നികുതി സ്വീകരിക്കാനുള്ള ഇടക്കാല ഉത്തരവ് ഇന്ന് കോടതി നല്‍കിയത്.

കോടതിയുടെ മുന്‍ നിലപാട് അനുസരിച്ച്, 1950-ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമായിരുന്നു. എന്നാല്‍, ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഈ ഭൂമി വഖഫ് അല്ലാതായി മാറി എന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വഖഫ് സംരക്ഷണ സമിതി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഹൈക്കോടതിയുടെ ഇടക്കാല നിര്‍ദേശം വന്നിരിക്കുന്നത്. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.