ശബരിമലയില്‍ വന്‍ തിരക്ക്; വെര്‍ച്വല്‍ ക്യൂ ഇല്ലെങ്കില്‍ കുടുങ്ങും

Jaihind News Bureau
Wednesday, November 26, 2025

ശബരിമലയില്‍ ദര്‍ശനത്തിനായി തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുകയാണ്. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലാതെ തീര്‍ഥാടകര്‍ എത്തിയാല്‍ നിലയ്ക്കലില്‍ വലിയ തിരക്ക് അനുഭവപ്പെടാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെര്‍ച്വല്‍ ക്യൂ ലഭിക്കാത്ത തീര്‍ഥാടകര്‍ സ്‌പോട്ട് ബുക്കിങ് എടുക്കാതെ പമ്പയില്‍ എത്തിയാല്‍ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കില്ല. നിലവില്‍ പമ്പയില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ലഭ്യമല്ല; ഈ സൗകര്യം നിലയ്ക്കലില്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ തന്നെ പതിനെട്ടാംപടി കയറാനുള്ള നീണ്ട നിര മരക്കൂട്ടവും കടന്ന് മുന്നോട്ട് പോയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി, പമ്പാ മണപ്പുറത്ത് തീര്‍ഥാടകരെ തടഞ്ഞു നിര്‍ത്തിയ ശേഷം ബാച്ചുകളായി ഗണപതിയമ്പലത്തിലേക്ക് പോകാന്‍ അനുവദിക്കുന്ന രീതിയാണ് അധികൃതര്‍ പിന്തുടരുന്നത്.

പമ്പയില്‍നിന്നും തമിഴ്‌നാട്ടിലെ ഏഴ് പ്രധാന കേന്ദ്രങ്ങളിലേക്ക് സംസ്ഥാനാന്തര സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് 67 ബസുകള്‍ക്ക് പെര്‍മിറ്റ് ലഭിച്ചു. ചെന്നൈ, കോയമ്പത്തൂര്‍, പഴനി, തെങ്കാശി, കന്യാകുമാരി, കമ്പം, തിരുനെല്‍വേലി എന്നീ സ്ഥലങ്ങളിലേക്കാണ് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു കഴിഞ്ഞു. രാവിലെ 9.45-നാണ് ഈ ബസ് പമ്പയില്‍നിന്നു പുറപ്പെട്ടത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച അത്രയും പെര്‍മിറ്റ് തന്നെ തമിഴ്‌നാടിന്റെ എസ്.സി.ഇ.ടി. ബസുകള്‍ക്കും ലഭിച്ചിട്ടുണ്ട്. അവര്‍ പമ്പയില്‍നിന്ന് ചെന്നൈ, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും തുടങ്ങിയിട്ടുണ്ട്.