
വോട്ട് കൃത്രിമത്വം വഴി ബിജെപി സര്‍ക്കാരുകള്‍ രൂപീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങള്‍ നടത്തുന്നുവെന്ന് അസം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗൗരവ് ഗൊഗോയ്. വോട്ട് കൃത്രിമത്വം തടയാന്‍ ജാഗ്രത പാലിക്കാന്‍ പാര്‍ട്ടി ബ്ലോക്ക് ലെവല്‍ ഏജന്റുമാര്‍ക്കും (ബിഎല്‍എ) ബൂത്ത് കമ്മിറ്റികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി യോഗത്തിന് ശേഷം ഗൊഗോയ് പറഞ്ഞു. തന്റെ കസേര രക്ഷിക്കാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ബിജെപി വോട്ടര്‍മാരെ കൊണ്ടുവന്ന് അവരുടെ പേരുകള്‍ അസമിന്റെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അസമിന് പുറത്തുനിന്നുള്ള വോട്ടര്‍മാരെ കൊണ്ടുവരുന്നതിനാണ് പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഗൊഗോയ് ആരോപിക്കുന്നു. ആസാമിലുടനീളമുള്ള വിവിധ സമുദായങ്ങള്‍, ഗ്രാമങ്ങള്‍, നഗര യുവാക്കള്‍, അമ്മമാര്‍ എന്നിവര്‍ക്കിടയില്‍ ശര്‍മ്മയ്ക്കെതിരെ ഒരു കലാപം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ പരിഭ്രാന്തരായ അദ്ദേഹം ഇപ്പോള്‍ വ്യാജ വോട്ടര്‍ പട്ടികകള്‍ തയ്യാറാക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളിലെ വോട്ടുകള്‍ ഉപയോഗിച്ച് വീണ്ടും മുഖ്യമന്ത്രിയാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നാല്‍ അസമിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ദുര്‍ഭരണത്തില്‍ നിന്നുള്ള മോചനം ആഗ്രഹിക്കുന്നുവെന്നും ഗൊഗോയ് പറഞ്ഞു.
അസമിലെ പ്രതിനിധികളെ സംസ്ഥാനത്തെ ജനങ്ങളുടെ വോട്ടിലൂടെ മാത്രമേ തിരഞ്ഞെടുക്കാവൂ. സംസ്ഥാനത്തിന്റെ രാഷ്ട്രീയം അവിടുത്തെ ജനങ്ങളുടെ കൈകളിലായിരിക്കണം. യുപിയിലെയും ബിഹാറിലെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ അസമിന്റെ വോട്ടര്‍ പട്ടികയില്‍ നുഴഞ്ഞുകയറാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോടും പൊതുജനങ്ങളോടും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നിയമസഭയിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനല്ല, മറിച്ച് ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും അധികാരത്തില്‍ വരുന്നതിനാണ് തങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പോരാടുകയെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മാത്രമല്ല, അസമിന്റെ ‘കത്തുന്ന പ്രശ്‌നങ്ങള്‍’ പരിഹരിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ത്തിട്ടുണ്ടെന്ന് ഗൊഗോയ് നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലും സഖ്യം കെട്ടിപ്പടുക്കുന്നതിലും പ്രതിപക്ഷം ബിജെപിയേക്കാള്‍ മുന്നിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.