
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ കൈവിടാതെ സി.പി.എം. നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിക്ക് പ്രതിരോധമുണ്ടാകാന്‍ സാധ്യതയുള്ള ഒരു വിഷയമായിട്ടുപോലും, വേഗത്തില്‍ ഒരു നടപടി വേണ്ടെന്നാണ് സി.പി.എമ്മില്‍ ഉയര്‍ന്ന ധാരണ. ഈ നിലപാട് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേതൃത്വത്തിന്റെ തീരുമാനമായി അറിയിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി പത്മകുമാറിനെ തള്ളിപ്പറയുകയോ നടപടി എടുക്കുകയോ ചെയ്താല്‍, അത് ഉണ്ടാക്കാന്‍ സാധ്യതയുള്ള രാഷ്ട്രീയ തിരിച്ചടി പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്. നടപടിയെടുക്കുന്നത് ശബരിമലയില്‍ ‘തെറ്റായ കാര്യം നടന്നു’ എന്ന് സമ്മതിക്കുന്നതിന് തുല്യമാകും. ഈ സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് മുന്നില്‍ അത്തരമൊരു സന്ദേശം നല്‍കേണ്ടെന്നാണ് സി.പി.എം. തീരുമാനിച്ചിരിക്കുന്നത്.
ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിച്ച എം.വി. ഗോവിന്ദന്‍, കുറ്റപത്രം സമര്‍പ്പിച്ച ശേഷം മാത്രം നടപടി തീരുമാനിക്കുമെന്നാണ് അറിയിച്ചത്. കൂടാതെ, ശബരിമലയിലെ ഒരുതരി സ്വര്‍ണം പോലും നഷ്ടമാകില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. അതേസമയം, യോഗത്തിനിടെ പത്മകുമാറിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ‘വിശ്വസിച്ച് ചുമതലയേല്‍പ്പിച്ചവര്‍ പാര്‍ട്ടിയോട് നീതി പുലര്‍ത്തിയില്ല’ എന്നായിരുന്നു ഗോവിന്ദന്റെ വിമര്‍ശനം.