
മുംബൈ: ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരുന്ന 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ പൂര്‍ണ്ണമായ മത്സരക്രമം ഐസിസി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് 2026 ഫെബ്രുവരി 7-ന് ആരംഭിച്ച് മാര്‍ച്ച് 8-ന് സമാപിക്കും.
ലോകകപ്പിലെ ഏറ്റവും വലിയ ആകര്‍ഷണമായ ഇന്ത്യ-പാകിസ്ഥാന് ഗ്രൂപ്പ് പോരാട്ടം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി. രാഷ്ട്രീയ കാരണങ്ങളാല്‍, ഇരു ടീമുകളും ഏറ്റുമുട്ടുന്ന മത്സരം ഇന്ത്യന്‍ മണ്ണിലായിരിക്കില്ല. പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്ഥാനും ഫെബ്രുവരി 15-ന് ശ്രീലങ്കയിലെ കൊളംബോയിലുള്ള ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. കൂടാതെ, പാകിസ്ഥാന് ടീമിന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും ശ്രീലങ്കയിലെ കൊളംബോ, കാന്‍ഡി എന്നീ വേദികളിലായാണ് നിശ്ചയിച്ചിരിക്കുന്നത്.
ടൂര്‍ണമെന്റിലെ സുപ്രധാനമായ നോക്കൗട്ട് മത്സരങ്ങളുടെ വേദികളും ഷെഡ്യൂള്‍ പ്രഖ്യാപനത്തില്‍ വ്യക്തമായി. കലാശപ്പോരാട്ടം ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. എന്നാല്‍, പാകിസ്ഥാന് ഫൈനലില്‍ എത്തിയാല്‍, ന്യൂട്രല്‍ വേദി എന്ന കരാര്‍ പ്രകാരം ഫൈനല്‍ കൊളംബോയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. സെമി ഫൈനല്‍ മത്സരങ്ങള്‍ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലും മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലുമാണ് നടക്കുക. ഇന്ത്യയില്‍ അഹമ്മദാബാദ്, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് ലീഗ്, സൂപ്പര്‍ 8 മത്സരങ്ങള്‍ അരങ്ങേറുക. ഇന്ത്യയുടെ മറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍ ഫെബ്രുവരി 7 ന് മുംബൈയില്‍ യുഎസ്എക്കെതിരെയും, ഫെബ്രുവരി 12 ന് ഡല്‍ഹിയില്‍ നമീബിയക്കെതിരെയും, ഫെബ്രുവരി 18 ന് അഹമ്മദാബാദില്‍ നെതര്ലാന്ഡ്സിനെതിരെയുമാണ് നടക്കുക.
സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് ഇന്ത്യ യോഗ്യത നേടിയാല്‍, മത്സരങ്ങള്‍ അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരിക്കും നടക്കുക. ടൂര്‍ണമെന്റില്‍ ആദ്യമായി ഇറ്റലി യോഗ്യത നേടിയെന്ന പ്രത്യേകതയുമുണ്ട്. 20 ടീമുകളാണ് ഇത്തവണ കിരീടത്തിനായി പോരാടുന്നത്.