
കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി. ഹൈക്കോടതിയുടെ മുന്‍കൈയില്‍ നടന്ന അന്വേഷണം മാത്രമാണ് കേസില്‍ രണ്ട് ദേവസ്വം മുന്‍ പ്രസിഡന്റുമാരും മറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലാവാനും കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടുത്തവരുടെ മൊഴി ശരിയാണെങ്കില്‍ ഇനിയും ഒരുപാട് പ്രഗത്ഭന്മാര് ഈ കേസില്‍ അറസ്റ്റിലാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പോലും മോഷ്ടിക്കാന്‍ പോലുമുള്ള ധൈര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്ക് ലഭിച്ചത് രാഷ്ട്രീയ സംരക്ഷണം ഉള്ളതുകൊണ്ടാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. രാഷ്ട്രീയ സംരക്ഷണം ഇല്ലാതെ ഈ മോഷണം നടത്താന്‍ അവര്‍ക്ക് കഴിയില്ല. അയ്യപ്പന്റെ സ്വത്തു പോലും കട്ടെടുക്കാന്‍ ഒത്താശ ചെയ്യുകയായിരുന്നു കഴിഞ്ഞ ആറ് വര്‍ഷം സര്‍ക്കാര്‍ ചെയ്തതെന്നും ഇത് വിശ്വാസികളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള എന്നുള്ളത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയം ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും, ആ ചര്‍ച്ച വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അതേസമയം മുണ്ടക്കൈ-ചൂരല്‍മല കോണ്‍ഗ്രസിന്റെ വീടുകളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. ടൗണ്‍ഷിപ്പ് കേരളത്തിലെ എല്ലാവരുടെയും പണമാണെന്നും സിപിഎമ്മിന്റെ മാത്രം പണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.