കേരളം തെരുവുനായ ഭീഷണിയില്‍; മലപ്പുറത്ത് ഒന്നാം ക്ലാസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Jaihind News Bureau
Tuesday, November 25, 2025

മലപ്പുറം: മലപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ നിന്ന് ഒന്നാം ക്ലാസുകാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മലപ്പുറം എ.ആര്‍. നഗര്‍ ഇരുമ്പുചോലയില്‍ ആണ് കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടത്.

സ്‌കൂളിലേക്ക് പോകാന്‍ വീടിന് മുന്നിലെ റോഡില്‍ നില്‍ക്കുകയായിരുന്ന ആറ് വയസ്സുകാരന്‍ നവീദ് മുഹമ്മദിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ രാവിലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു. നായയുടെ ആക്രമണത്തില്‍ നിന്ന് കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

സ്ഥലത്ത് തെരുവുനായകളുടെ സാന്നിധ്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യമുന്നയിച്ചു.

സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ വലിയ സാമൂഹിക ഭീഷണിയായി തുടരുകയാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2024-ല്‍ മാത്രം സംസ്ഥാനത്ത് 3.16 ലക്ഷം ആളുകളാണ് തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞവര്‍ഷം 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ ഉണ്ടാകണമെന്നാണ് ആവശ്യം.