
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നതിനെ ചൊല്ലി സിപിഎമ്മില്‍ സജീവമായ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നടപടി വൈകുന്നതില്‍ പാര്‍ട്ടിയില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്. എന്നാല്‍ പത്മകുമാറിനെ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ തീരുമാനം.
സിപിഎം നോമിനിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷമുള്ള സാമ്പത്തിക തട്ടിപ്പായതുകൊണ്ട് നടപടി ഒഴിവാക്കാനാകില്ലെന്ന നിലപാടാണ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റേത്. ഈ വിഷയം തദ്ദേശ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ സാധ്യതകളെ ഇല്ലാതാക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു. എന്നാല്‍, പത്മകുമാറിനെതിരെ ഉടന്‍ നടപടി എടുക്കുന്നതിനെ എതിര്‍ക്കുന്നവരും പാര്‍ട്ടിയിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന മുറയ്ക്ക് മതി നടപടി എന്നതാണ് ഇവരുടെയും സംസ്ഥാന നേതൃത്വത്തിന്റെയും അഭിപ്രായം.
ശബരിമല യുവതീപ്രവേശനം മുതല്‍ പത്മകുമാര്‍ പാര്‍ട്ടിയുടെ അപ്രീതിക്ക് പാത്രമായിരുന്നു. മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും നിലവില്‍ ആ ബന്ധം ഇല്ല. മാത്രമല്ല, പത്തനംതിട്ടയിലെ പാര്‍ട്ടിയിലെ വിഭാഗീയ വിഷയങ്ങളിലും അദ്ദേഹം വിമത പക്ഷത്താണ്. അതിനാല്‍, അച്ചടക്ക നടപടി എടുക്കുന്നത് എളുപ്പമാണ്. എന്നാല്‍, പാര്‍ട്ടിയെ അതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത് പത്മകുമാര്‍ അന്വേഷണ സംഘത്തിന് നല്കുന്ന മൊഴിയിലെ ആശങ്കയാണ്. ഉണ്ണികൃഷ്ണന് പോറ്റിക്ക് സ്വര്‍ണ്ണപ്പാളി കൈമാറാനുള്ള ബോര്‍ഡ് തീരുമാനം സര്‍ക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് പത്മകുമാര്‍ മൊഴി നല്‍കിയതായാണ് സൂചന. ഈ മൊഴിയില്‍ ഉറച്ചു നിന്നാല്‍ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും പ്രതിയാകാന്‍ സാധ്യതയുണ്ട്. ഇത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്നും സിപിഎം ഭയപ്പെടുന്നു.