ബോളിവുഡ് ഇതിഹാസ നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു

Jaihind News Bureau
Monday, November 24, 2025

ആറു പതിറ്റാണ്ടിലേറെക്കാലം ബോളിവുഡ് സിനിമാലോകത്തെ നിറസാന്നിധ്യമായിരുന്ന ഇതിഹാസ നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഈ മാസം ആദ്യം അദ്ദേഹത്തെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബോളിവുഡിന്റെ ‘ഹീ-മാന്‍’ എന്നാണ് ധര്‍മ്മേന്ദ്ര അറിയപ്പെട്ടിരുന്നത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 8നാണ് ധര്‍മേന്ദ്രയുടെ ജനനം. 1960-ല്‍ സിനിമയിലെത്തിയ ധര്‍മേന്ദ്ര വളരെ വേഗം സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നു. റൊമാന്റിക് ഹീറോയായും, ആക്ഷന്‍ താരമായും, കോമഡി കഥാപാത്രമായും തിളങ്ങിയ അദ്ദേഹം തന്റെ അഭിനയത്തിലെ വൈവിധ്യം കൊണ്ട് ശ്രദ്ധേയനായി. 300-ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടു. അവയില്‍ പലതും ഇന്നും ക്ലാസിക്കുകളാണ്.

അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളില്‍ എക്കാലത്തെയും കള്‍ട്ട് ക്ലാസിക്കായ ഷോലെയിലെ ‘വീരു’ എന്ന കഥാപാത്രം മുന്‍നിരയിലാണ്. ഫൂല്‍ ഔര്‍ പത്ഥര്‍, സീത ഔര്‍ ഗീത, ചുപ്‌കേ ചുപ്‌കേ, ധരം വീര്‍, പ്രതിജ്ഞ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ സ്വാഭാവികമായ ആകര്‍ഷണീയതയും ശക്തമായ സ്‌ക്രീന്‍ സാന്നിധ്യവും ലോകമെമ്പാടുമുള്ള ആരാധകരെ നേടി കൊടുത്തു.

സിനിമാ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 1997-ല്‍ ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു. 2012-ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.

സമീപകാലത്ത് പുറത്തിറങ്ങിയ സിനിമകളിലും ധര്‍മേന്ദ്ര സജീവമായിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ തേരി ബാത്തോന്‍ മേന്‍ ഐസാ ഉള്‍ഝാ ജിയ എന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ മുത്തച്ഛന്റെ വേഷം ചെയ്തു. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലെ പ്രകടനത്തിനും അദ്ദേഹം പ്രശംസ നേടിയിരുന്നു. അഗസ്ത്യ നന്ദയെ നായകനാക്കി അദ്ദേഹം മുത്തച്ഛന്റെ വേഷം ചെയ്യുന്ന ഇക്കിസ് എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രം.

നടി ഹേമ മാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആണ് ആദ്യ ഭാര്യ. നടന്മാരായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷാ ഡിയോള്‍, അഹാന ഡിയോള്‍ എന്നിവര്‍ മക്കളാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ രാജ്യത്തെ വിവിധ തുറകളിലുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.