തലപ്പത്ത് സൂര്യകാന്ത്; ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു; 2027 വരെ കാലാവധി

Jaihind News Bureau
Monday, November 24, 2025

ന്യൂഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുള്‍പ്പെടെ പ്രമുഖരും വിദേശ രാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാരും ചടങ്ങില്‍ പങ്കെടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റത്.

കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചുമതലയേറ്റ ശേഷം ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകള്‍ക്കായി കൂടുതല്‍ ഭരണഘടനാ ബെഞ്ചുകള്‍ സ്ഥാപിക്കും. കീഴ്ക്കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയാത്ത ദേശീയ പ്രാധാന്യമുള്ള കേസുകള്‍ക്ക് പ്രഥമ പരിഗണന നല്‍കും. കോര്‍പ്പറേറ്റ് കേസുകളില്‍ മധ്യസ്ഥത പ്രോത്സാഹിപ്പിക്കും. കൂടാതെ, നിയമരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ എസ്.ഐ.ആര്‍. കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിക്കുന്ന ബെഞ്ചുകളില്‍ ജസ്റ്റിസ് സൂര്യകാന്തും ഉണ്ടായിരുന്നു.

ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ ജസ്റ്റിസ് സൂര്യകാന്ത്, ഹരിയാനയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ആദ്യ വ്യക്തി എന്ന നേട്ടം സ്വന്തമാക്കി. 2027 ഫെബ്രുവരി 9 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് അദ്ദേഹം.