ക്രിസ്മസ്-പുതുവത്സര തിരക്ക്; പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയിവെ മന്ത്രിയോട് കെസി വേണുഗോപാല്‍ എംപി

Jaihind News Bureau
Monday, November 24, 2025

 

ക്രിസ്മസ്-പുതുവത്സര തിരക്കുകള്‍ പരിഗണിച്ച് ചെന്നൈ,ബാംഗ്ലൂര്‍ തുടങ്ങിയ അന്യസംസ്ഥാന ഇടങ്ങളില്‍ നിന്ന് കേരളത്തിലേക്കും ഇവിടെ നിന്ന് തിരിച്ചും കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിക്കണമെന്ന് കെസി വേണുഗോപാല്‍ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വെ മന്ത്രിക്ക് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കത്തുനല്‍കി.

വിവിധ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളുടെ റിസര്‍വേഷന്‍ തുടങ്ങുന്ന ദിവസം തന്നെ ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്ത് തീരുന്ന അവസ്ഥയാണ് നിലവിലുള്ളത്. നാട്ടിലേക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകളെല്ലാം വെയിറ്റിംഗ് ലിസ്റ്റാണ്. പൊങ്കല്‍ അവധി പ്രമാണിച്ച് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. ജോലി ആവശ്യങ്ങള്‍ക്കും പഠനത്തിനും മറ്റുമായി പോയ നിരവധി മലയാളികളാണ് ഉത്സവ സീസണില്‍ നാട്ടിലേക്ക് വരാന്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. ടിക്കറ്റുകള്‍ കിട്ടാത്തതും മതിയായ അധിക ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലാത്തതും അന്യസംസ്ഥാന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ ബസ് ലോബികള്‍ യാത്രക്കാരെ പോക്കറ്റ് കൊള്ളയടിക്കുന്ന സ്ഥിതിയാണ്. അതിനാല്‍ കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നേരത്തെ പ്രഖ്യാപിക്കുന്നത് നാട്ടിലേക്ക് എത്തുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാണെന്നും കത്തില്‍ കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.