
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാറിനെതിരെ കുരുക്ക് മുറുകുന്നു. കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന ചോദ്യം ചെയ്യലിനായി പത്മകുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ഇതോടൊപ്പം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
കസ്റ്റഡി അപേക്ഷയും മിനുട്സിലെ തിരുത്തലും ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളിലും ബന്ധങ്ങളിലും വ്യക്തത വരുത്താനാണ് അന്വേഷണ സംഘം കസ്റ്റഡി ആവശ്യപ്പെടുന്നത്. കട്ടിളപ്പണികള്ക്കുള്ള സ്പോണ്‍സര്‍ഷിപ്പ് പോറ്റിക്ക് ലഭിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ മിനുട്സില്‍ പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ തിരുത്തല്‍ വരുത്തിയെന്നാണ് കണ്ടെത്തല്‍. ബോര്‍ഡ് അംഗങ്ങളായിരുന്ന കെ.പി ശങ്കരദാസ്, വിജയകുമാര്‍ എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്‍കിയത് പത്മകുമാറിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
വിദേശയാത്രകളും പാസ്പോര്‍ട്ടും പരിശോധനയില്‍ പത്മകുമാറിന്റെ വിദേശയാത്രകളെക്കുറിച്ചും എസ്.ഐ.ടി അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പത്മുമാറിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. താന്‍ പ്രസിഡന്റാകുന്നതിന് മുന്‍പേ പോറ്റിക്ക് ക്ഷേത്രത്തില്‍ സ്വാധീനമുണ്ടായിരുന്നുവെന്നും തന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നുമാണ് പത്മകുമാറിന്റെ വാദം.
സ്പോണ്‍സര്‍ഷിപ്പിനായി പോറ്റി ആദ്യം സമീപിച്ചത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയാണെന്നും, അവിടെനിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് അപേക്ഷ ബോര്ഡിലെത്തിയതെന്നുമുള്ള പത്മകുമാറിന്റെ മൊഴി കേസില്‍ വഴിത്തിരിവായേക്കാം. പത്മകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം കടകംപള്ളിയെ വിളിച്ചുവരുത്തുന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കും. എന്നാല്‍, ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സ്വതന്ത്രമാണെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് കടകംപള്ളിയുടെ നിലപാട്.
നടന് ജയറാം സാക്ഷിപ്പട്ടികയില്‍ സ്വര്‍ണ്ണപ്പാളികള്‍ കാണിച്ച് ഉണ്ണികൃഷ്ണന് പോറ്റി വന്‍തോതില്‍ പണപ്പിരിവ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയില്‍ നടന് ജയറാം ഉള്‍പ്പെടെയുള്ള വി.ഐ.പികളുടെ വീടുകളില്‍ ഈ പാളികള്‍ എത്തിച്ചിരുന്നു. പോറ്റിയുടെ തട്ടിപ്പിന് ഇരയായെന്ന നിലയില്‍ നടന് ജയറാമിനെ സാക്ഷിയാക്കി മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു.