
കൊച്ചി: എറണാകുളം ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിന് പിന്നില്‍ നീതികരണമില്ലാത്ത നടപടികളാണെന്നും, ഉദ്യോഗസ്ഥ വീഴ്ചയാണെന്നും ഡിസിസി അദ്ധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആരോപിച്ചു. മന്ത്രി പി. രാജീവിന്റെ ഓഫീസ് ഇടപെട്ട് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് നീതികരണമില്ലാത്ത നടപടിയാണ്. ജില്ലാ വരണാധികാരിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. 2:50 ന് വരണാധികാരിയുടെ മുമ്പില്‍ മറ്റൊരു പത്രിക നല്‍കാനെത്തിയ സ്ഥാനാര്‍ത്ഥിയെ കയറ്റി വിടാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ മനക്കപ്പടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷെറിനയുടെ പത്രിക തള്ളിയത് അധാര്‍മികമാണ്. ഖാദി ബോര്‍ഡിന് വേണ്ടി പീസ് വര്‍ക്ക് ചെയ്യുന്നു എന്ന പേരില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കുകയായിരുന്നു. എന്നാല്‍ മറ്റിടങ്ങളില്‍ ഇത്തരത്തിലുള്ളവരെ മത്സരിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും ഷിയാസ് ചൂണ്ടിക്കാട്ടി.
മന്ത്രി പി. രാജീവിന്റെ ഓഫീസില്‍ നിന്നാണ് ഷെറീനയുടെ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാന്‍ ഇടപെടലുണ്ടായതെന്ന് ഡിസിസി അദ്ധ്യക്ഷന്‍ ആരോപിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്.