കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്; മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി

Jaihind News Bureau
Sunday, November 23, 2025

പത്തനംതിട്ട കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ ചികത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ കലപ്പമണ്ണില്‍ രാജുവിന്റെ ഭാര്യ മായയാണ് മരിച്ചത്. മായ ഒരാഴ്ചക്കിടയില്‍ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയായിരുന്നു. കഴിഞ്ഞ 16 നാണ് മായയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയുന്നത്. 17 ന് ഓപ്പറേഷന്‍ നടത്തി. രണ്ടു ദിവസം വെന്റിലേറ്ററില്‍കിടന്ന മായയെ ശനിയാഴ്ച പിന്നെയും ഓപ്പറേഷന് വിധേയേയാക്കി. എന്നാല്‍ മരണപ്പെടുകയായിരുന്നു.

എന്നാല്‍ ചികിത്സയിലിരിക്കെ മായയുടെ ആരോഗ്യസ്ഥിതി വഷളായതായും പിന്നീട് മായ മരിച്ചതായും ആണ് ആശുപത്രി അധികൃതര്‍ തന്നോട് പറഞ്ഞതെന്ന് മായയുടെ ഭര്‍ത്താവ് രാജു കലപ്പമണ്ണില്‍ ആരോപിച്ചു. സീതത്തോട് മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമാണ് രാജു.

മായ ചിത്സാ പിഴവില്‍ മരിച്ചിട്ടും 30 ലക്ഷം രൂപ അടച്ചെങ്കില്‍ മാത്രമേ ബോഡി വിട്ടു നല്‍കൂ എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിത്. 80,000 രൂപ പാക്കേജ് ഉണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ആശുപത്രിക്കാര്‍ തന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും രാജു പറഞ്ഞു. ഭാര്യ മരിച്ചിട്ട് തന്നെയോ മക്കളെയോ ഒരു നോക്ക് കാണിക്കാന്‍ പോലും ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നും രാജു പറയുന്നു.

സംഭവത്തില്‍ രാജു ആറന്മുള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സിന്ധു, അഖില്‍ എന്നീ ഡോക്ടര്‍മാരാണ് മായയുടെ ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് രാജുവിന്റെ ആവശ്യം. ആറന്മുള പോലീസ് എത്തി മഹസര്‍ തയാറാക്കി. മായയെ അഡ്മിറ്റ് ചെയ്തതടക്കമുള്ള മുഴുവന്‍ രേഖകളും പരിശോധിച്ചു.