
പരസ്പരം ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനിയും വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. തങ്ങളുടെ മുന്‍ നിലപാടുകള്‍ മാറ്റിവെച്ച്, ട്രംപ് മംദാനിയെ പ്രശംസിക്കുകയും അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തത് ശ്രദ്ധേയമായി.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ട്രംപ്, മംദാനിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. ‘ഞങ്ങള്‍ വളരെ ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. മംദാനി നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ സന്തോഷവാനാണ്. അദ്ദേഹം ഒരു മികച്ച മേയറാണ്,’ ട്രംപ് പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് മംദാനിയെ മേയറായി തിരഞ്ഞെടുത്താല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ചയോടെ ആ നിലപാടില്‍ നിന്ന് ട്രംപ് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ‘മംദാനിയെ വേദനിപ്പിക്കാനല്ല, സഹായിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ന്യൂയോര്‍ക്കിനായി മികച്ച കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും,’ ട്രംപ് പറഞ്ഞു. തന്റെ വോട്ടര്‍മാര്‍ പോലും മംദാനിയെ പിന്തുണച്ചെന്നും അതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് മേയര്‍ മംദാനിയും പ്രതികരിച്ചു. ന്യൂയോര്‍ക്കിലെ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളിലായിരുന്നു പ്രധാന ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. താമസം, വീടുകള്‍ നിര്‍മ്മിക്കുന്നത്, വാടക, നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷണത്തിന്റെ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അമേരിക്കയിലെ ഏറ്റവും ചെലവേറിയ നഗരമായ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് അവര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ഭക്ഷണം എത്തിച്ച് നല്‍കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കുകാരെ സേവിക്കുന്നതിനുള്ള പൊതുവായ കാര്യങ്ങളിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും, താങ്ങാനാവുന്ന വില ഏര്‍പ്പെടുത്താനുള്ള അജണ്ടയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മംദാനി കൂട്ടിച്ചേര്‍ത്തു.
ട്രംപിനെ നേരത്തെ ‘ഫാസിസ്റ്റ്’ എന്ന് വിളിച്ച മംദാനിയുടെ നിലപാടില്‍ മാറ്റമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യവും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്നു. ഈ ചോദ്യത്തിന് മറുപടി പറയാനിരിക്കെ ട്രംപ് ഇടപെട്ട്, ‘അത് അങ്ങനെ തന്നെയാണെന്ന് പറയാമെന്ന്’ പറയുകയും മംദാനി അത് ‘അതെ’ എന്ന് ശരിവെക്കുകയും ചെയ്തു. മംദാനി മേയറായതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.