‘ഈ എസ്.ഐ.ആര്‍. ജോലി ഇനി എനിക്ക് തുടരാനാവില്ല’: കേരളത്തിന് പിന്നാലെ ഗുജറാത്തിലും ബിഎല്‍ഒയുടെ ആത്മഹത്യ; കടുത്ത ജോലിഭാരമെന്ന് ആത്മഹത്യാക്കുറിപ്പ്

Jaihind News Bureau
Friday, November 21, 2025

കനത്ത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും താങ്ങാനാവാതെ ഗുജറാത്തിലും ബിഎല്‍ഒയുടെ ആത്മഹത്യ. ബിഎല്‍ഒയുടെ അധിക ചുമതല വഹിച്ചിരുന്ന പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ജീവനൊടുക്കിയത്. ഗുജറാത്തിലെ സോമനാഥ് ജില്ലയിലെ കൊടിനാര്‍ ദേവ്‌ലി സ്വദേശിയായ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ അരവിന്ദ് വധേര്‍ (40) ആണ് ഇന്ന് രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിന് തൊട്ടുമുമ്പ് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍, ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും തന്നെ വല്ലാതെ തളര്‍ത്തിയെന്ന് അരവിന്ദ് വാധേര്‍ വ്യക്തമാക്കി. എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായുള്ള അധിക ജോലിയാണ് ആത്മഹത്യയിലേക്ക് നയിച്ചത്. അധ്യാപനത്തോടൊപ്പം നിര്‍ബന്ധിതമായി നല്‍കുന്ന ഭരണപരമായ അധിക ചുമതലകള്‍ ജീവനക്കാരുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.

സംഭവം പുറത്തുവന്നതോടെ അധ്യാപക സമൂഹത്തില്‍ പ്രതിഷേധം ശക്തമായി. പ്രൈമറി സ്‌കൂള്‍ അധ്യാപകരുടെ പ്രാദേശിക സംഘടന ഉടന്‍തന്നെ സോമനാഥ് ജില്ലാ കളക്ടറെ സന്ദര്‍ശിച്ച്, അധ്യാപകര്‍ക്ക് മേലുള്ള എസ്.ഐ.ആര്‍. ജോലിയുടെ ഭാരം അടിയന്തരമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അധ്യാപകരുടെ പ്രധാന ജോലി പഠിപ്പിക്കലാണ് എന്നും, അധിക ഭാരങ്ങള്‍ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കണ്ണൂരില്‍ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ് ജോലിഭാരത്തെ തുടര്‍ന്ന് ജീവനൊടുക്കിയതിന് പിന്നാലെയാണ് പുതിയ സംഭവം. അനീഷിന്റെ മരണം കേരളത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും സംസ്ഥാന വ്യാപകമായി ബി.എല്‍.ഒ.മാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.