
ദുബായ്: ദുബായ് എയര്‍ഷോ 2025-ല്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ ലഘു യുദ്ധവിമാനമായ ‘തേജസ്’ തകര്‍ന്നുവീണു. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ വിമാനം പറത്തിയിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചതായി ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് വ്യോമസേന ഉത്തരവിട്ടു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10-ഓടെ ദുബായ് വേള്‍ഡ് സെന്‍ട്രലിലെ അല്‍ മക്തും ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലായിരുന്നു ദുരന്തം. എയര്‍ഷോ കാണാനെത്തിയ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ വിമാനം നിയന്ത്രണം വിട്ട് കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. നിലത്തുവീണ ഉടന്‍ തന്നെ വിമാനം പൊട്ടിത്തെറിച്ച് വലിയ തീഗോളമായി മാറി. അപകടസമയത്ത് പൈലറ്റിന് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ സാധിച്ചില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
‘ബാരല്‍ റോള്‍’ എന്ന അഭ്യാസപ്രകടനം നടത്തുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. വിമാനം വായുവില്‍ വച്ച് കറങ്ങുന്ന ഈ അഭ്യാസത്തിനിടെ വിമാനം തലകീഴായി മറിയുകയും തുടര്‍ന്ന് നിയന്ത്രണം വീണ്ടെടുക്കാന്‍ സാധിക്കാതെ താഴേക്ക് പതിക്കുകയുമായിരുന്നു.
മികച്ച സുരക്ഷാ റെക്കോര്‍ഡുള്ള വിമാനമായാണ് തേജസ് അറിയപ്പെടുന്നത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) നിര്‍മ്മിക്കുന്ന ഇന്ത്യയുടെ തദ്ദേശീയ പോര്‍വിമാനമായ തേജസിന്റെ 24 വര്‍ഷത്തെ ചരിത്രത്തില്‍ നടക്കുന്ന രണ്ടാമത്തെ മാത്രം അപകടമാണിത്. 2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്സാല്‍മറില്‍ ഒരു തേജസ് വിമാനം തകര്‍ന്നിരുന്നെങ്കിലും അന്ന് പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ ഭാവി വാഗ്ദാനമായാണ് തേജസ് കണക്കാക്കപ്പെടുന്നത്. അടുത്തിടെ 97 തേജസ് വിമാനങ്ങള്‍ക്കായി പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി കരാര്‍ ഒപ്പിട്ടിരുന്നു. 2027-ഓടെ ഇവയുടെ വിതരണം ആരംഭിക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം.