
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്.ഐ.ടി അന്വേഷണം ഉന്നതരിലേക്ക് എത്തിയതോടെ, കേസില്‍ അടുത്തതായി അറസ്റ്റിലാകുന്നത് ആര് എന്ന ആകാംക്ഷയിലാണ് കേരളം. എന്നാല്‍, ഏറ്റവും വിമര്‍ശനാത്മകമായ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. പാര്‍ട്ടി നേതാവ് ഇത്രയും ഗുരുതരമായ കേസില്‍ അറസ്റ്റിലായിട്ടും, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറാകാതെ മുഖ്യമന്ത്രി ഒളിച്ചു നടക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന ചെറിയ കാര്യങ്ങളില്‍ പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി, ഇത്രയും വലിയ ഒരു കൊള്ളയുമായി ബന്ധപ്പെട്ട് മൗനം പാലിക്കുന്നത് സംശയകരമാണ്.
പത്തനംതിട്ടയിലെ മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ എ. പത്മകുമാറിന്റെ അറസ്റ്റോടെ ശബരിമല സ്വര്‍ണക്കൊള്ള കേസ് സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ കേസില്‍ ഭരണകക്ഷിയിലെ ഉന്നത നേതാവിന്റെ പങ്ക് പുറത്തുവന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സി.പി.എം. നേതാവ് തന്നെ കൊള്ളയുടെ മുഖ്യ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചു എന്ന കണ്ടെത്തല്‍ ഗൗരവം വര്‍ദ്ധിപ്പിക്കുമ്പോള്‍, സി.പി.എം. പ്രതിരോധത്തിലാകുന്നതിനേക്കാള്‍ ഉപരിയായി കേരളത്തിന്റെ ഭരണ നേതൃത്വം തന്നെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഈ മൗനം, അദ്ദേഹത്തിന് ഇതില്‍ പങ്കില്ല എന്ന നിഗമനത്തില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന്‍ പ്രതികരിച്ചതു പോലെ ശബരിമലയില്‍ ‘പിണറായി ടച്ചു’ണ്ടെന്ന് ഏതാണ്ട് വ്യക്തമായ ചിത്രമാണ്. കാരണം, സ്വര്‍ണം കണ്ടാല്‍ അങ്ങനെ വിട്ടു കളയാന്‍ സിപിഎമ്മിനോ പിണറായിക്കോ കഴിയില്ല. സി.പി.എം. നേതാക്കള്‍ക്ക് ഭരണത്തണലില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൗകര്യമൊരുങ്ങുന്നുണ്ടോ എന്ന ചോദ്യം ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്നു.