
സ്വര്‍ണം കണ്ടാല്‍ പിണറായി സര്‍ക്കാരിന് ഹാലിളകുമോ? കേന്ദ്രത്തില്‍ ബിജെപി നടത്തുന്നത് വോട്ട്് ചോരിയെങ്കില് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്നത് ‘ഗോള്‍ഡ് ചോരി’ എന്ന് പറയേണ്ടി വരും. പത്തനംതിട്ടയിലെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എ. പത്മകുമാറിന്റെ അറസ്റ്റ് ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം പത്മകുമാരായിരുന്നു. മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് പത്മകുമാര്‍ ആണെന്നും കണ്ടെത്തിയിരുന്നു. ഭരണകക്ഷിയിലെ ഉന്നതര്‍ക്ക് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കുണ്ടോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. കേരളത്തില്‍ ഒരില അനങ്ങിയാല്‍ പോലും അറിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇത്രയും വലിയൊരു ക്രിമിനല്‍ ഗൂഢാലോചനയില്‍ നിന്ന് അജ്ഞനായി മാറി നില്ക്കുകയാണോ എന്ന സംശയം സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്നു.
ഈ ആരോപണങ്ങള്‍ ഭരണനേതൃത്വത്തിന് നേരെയുള്ള ആദ്യത്തെ അമ്പല്ല. നേരത്തെ തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിന്റെ കാലത്തും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലേക്കും വരെ ബന്ധങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു. മുഖ്യപ്രതി സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞെങ്കിലും, അന്നത്തെ അന്വേഷണം പിന്നീട് കാര്യമായ പുരോഗതിയില്ലാതെ നിലച്ചുപോയിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകാതിരുന്നത് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇപ്പോഴത്തെ സിപിഎം നേതാക്കളുടെ പങ്ക് വിലയിരുത്താന്‍. രണ്ട് വലിയ സ്വര്‍ണ്ണ കൊള്ള കേസുകളിലും ഭരണകക്ഷിയിലെ ഉന്നതര്‍ക്ക് പങ്ക് പുറത്തുവരുന്നത്, സര്‍ക്കാരിന്റെ സുതാര്യതയെയും ധാര്‍മ്മികതയെയും ചോദ്യം ചെയ്യുന്നു.
പത്മകുമാര്‍ അറസ്റ്റിലായതോടെ സംസ്ഥാനത്തെ സിപിഎം നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കേസ് കൂടുതല്‍ ഉന്നതരായ നേതാക്കളിലേക്കോ, അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ എത്തുമോ എന്ന ആശങ്ക പാര്‍ട്ടി കേന്ദ്രങ്ങളില്‍ ശക്തമാണ്. സാധാരണഗതിയില്‍, ശക്തമായ പാര്‍ട്ടി സംവിധാനം നിലനില്‍ക്കുന്ന കേരളത്തില്‍, ഇത്തരം സുപ്രധാന കേസുകളില്‍ നേതാക്കളുടെ പങ്ക് പുറത്തുവരുമ്പോള്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ അന്വേഷണങ്ങള്‍ വഴിതിരിച്ചുവിടാനുള്ള സാധ്യത മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കൊള്ള എന്ന വിഷയത്തിന്റെ വൈകാരികത, കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ സാധ്യത എന്നിവ പരിഗണിച്ച്, ഈ കേസ് പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ ബാധ്യതയായി മാറുകയാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടി സമ്മര്‍ദത്തിലാണ് വ്യക്തം.