സീറ്റ് നിഷേധിച്ചതില്‍ ആത്മഹത്യ; മരിച്ച ആനന്ദ് കെ.തമ്പിയെ തള്ളിപ്പറഞ്ഞ ബിജെപി നേതൃത്വത്തിനെതിരെ ആര്‍എസ്എസ്

Jaihind News Bureau
Friday, November 21, 2025

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യയെ തുടര്‍ന്ന് അദ്ദേഹത്തെ തള്ളിപ്പറഞ്ഞ ബിജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ ആര്‍എസ്എസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടര പതിറ്റാണ്ടിലേറെയായി ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആനന്ദ്. ബിജെപിക്കുള്ളിലെ ഈ പ്രതിസന്ധി രൂക്ഷമായതോടെ, ബിജെപി ജനറല്‍ സെക്രട്ടറി എസ്. സുരേഷ് ഖേദം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിലുള്ള മനോവിഷമമാണ് ആനന്ദിന്റെ ആത്മഹത്യക്ക് കാരണമായത്. തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ മണ്ണുമാഫിയ ബന്ധമടക്കമുള്ള ഗുരുതര ആരോപണങ്ങളും ആത്മഹത്യാക്കുറിപ്പില്‍ ആനന്ദ് ഉന്നയിച്ചിരുന്നു.

ആനന്ദിന്റെ മരണത്തിന് തൊട്ടുപിന്നാലെ, ബിജെപി ജനറല്‍ സെക്രട്ടറി എസ്. സുരേഷും ജില്ലാ സെക്രട്ടറി കരമന ജയനും പത്രസമ്മേളനം വിളിച്ച് ആനന്ദ് ബിജെപി പ്രവര്‍ത്തകനല്ലെന്ന് തള്ളിപ്പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആനന്ദിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ പരിശോധിക്കുന്നില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍, പത്രസമ്മേളനത്തിലെ എസ്. സുരേഷിന്റെ ശരീരഭാഷയും വാക്കുകളും മരിച്ച വ്യക്തിയെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ പോലും സ്വന്തം പ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞ ഈ നടപടിക്കെതിരെ രംഗത്തെത്തി.

വാസ്തവത്തില്‍, വാര്‍ഡ് കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി ആദ്യം പരിഗണിച്ച അഞ്ച് പേരിലൊരാള്‍ ആനന്ദായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ആര്‍എസ്എസുമായി അടുത്ത ബന്ധവുമുണ്ടായിരുന്നു. എന്നിട്ടും, പാര്‍ട്ടിയുടെയോ സംഘത്തിന്റെയോ അഭിപ്രായം തേടാതെ, 25 വര്‍ഷം സംഘടനാ പ്രവര്‍ത്തകനായിരുന്ന ഒരാളെ എസ്. സുരേഷ് സ്വന്തം ഇഷ്ടപ്രകാരം തള്ളിപ്പറഞ്ഞുവെന്നാണ് പ്രധാന ആരോപണം. ഈ ഏകപക്ഷീയമായ നിലപാടാണ് ആര്‍എസ്എസില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയത്.