‘ആശാ സമരത്തെ അപമാനിച്ച ഇടതിന് വോട്ടില്ല’; ക്യാമ്പയിന്‍ നടത്താന്‍ ഒരുങ്ങി ആശമാര്‍

Jaihind News Bureau
Friday, November 21, 2025

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍, ‘ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല’ എന്ന പ്രഖ്യാപനവുമായി സംസ്ഥാനത്തുടനീളം വാര്‍ഡുകളില്‍ ക്യാമ്പയിന്‍ നടത്താന്‍ ഒരുങ്ങുകയാണ് ആശാപ്രവര്‍ത്തകര്‍. മുതലാളിവര്‍ഗ്ഗ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി തികച്ചും ന്യായമായ ഒരു സ്ത്രീ തൊഴിലാളി സമരത്തെ തകര്‍ക്കാന്‍ പൊതുഖജനാവിന്‍ നിന്നും കോടികള്‍ ചെലവിട്ട് എട്ടര മാസക്കാലം നീചമായി ശ്രമിച്ച ഈ സര്‍ക്കാറിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യരുത് എന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍.

കഴിഞ്ഞ എട്ട് മാസക്കാലം ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ രാപകല്‍ സമരം നടത്തിയിരുന്നവരാണ് ആശാ പ്രവര്‍ത്തകര്‍. ന്യായമായ ഓണറേറിയം അടക്കം വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരം. സമൂഹത്തിന്റെ നാനാതുറങ്ങളില്‍ നിന്നുള്ളവര്‍ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കിയപ്പോള്‍ ആ സമരത്തെ കണ്ടില്ലെന്ന് നടിച്ച് ആശമാരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയാണ് സര്‍ക്കാര്‍ എതിരേറ്റത്. അവിടെ നിന്നും തളരാതെ അവര്‍ മുന്നോട്ട പോയി. തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ആശാസമരം അലയടിക്കുമെന്ന് മനസിലാക്കിയ സര്‍ക്കാര്‍, ക്ഷേപ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുകയും അക്കൂട്ടത്തില്‍ തുച്ഛമായ വേതനം നല്‍കി അവരെ പരിഗണിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ആശമാര്‍ പ്രാദേശിക തലങ്ങളിലേക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് സമരം.