
ശബരിമലയെ കൊള്ളയടിച്ച മാഫിയയുടെ മുഖ്യ സൂത്രധാരന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആണെന്ന് മൊഴികളും രേഖകളും തെളിയിക്കുകയാണ്. ശ്രീകോവിലിന് മുന്നിലെ വിലമതിക്കാനാവാത്ത സ്വര്‍ണ്ണപ്പാളി, ‘ചെമ്പ്’ എന്ന് കള്ളരേഖയുണ്ടാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കടത്തിക്കൊണ്ടുപോകാന്‍ എല്ലാ ഒത്താശയും ചെയ്തത് ഈ ഉന്നത നേതാവാണെന്ന് വ്യക്തമായി കഴിഞ്ഞു. പോറ്റിയും പത്മകുമാറും തമ്മില്‍ നടന്ന കള്ളപ്പണ ഇടപാടുകളുടെ ഞെട്ടിക്കുന്ന സൂചനകളും പുറത്തുവന്നതോടെ, ഈ കവര്‍ച്ചക്ക് പിന്നില്‍ നടന്നത് ഉദ്യോഗസ്ഥരുടെ പിഴവല്ല, മറിച്ച് ഭരണതലത്തിലെ വന്‍ ഗൂഢാലോചനയാണെന്ന് പകല്‍പോലെ തെളിഞ്ഞിരിക്കുകയാണ്. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധേഷ് കുമാര്‍, എന്‍. വാസു, തുടങ്ങി എല്ലാവരുടെയും മൊഴികള്‍ ഈ ‘വലിയ സ്രാവി’ന് എതിരാണ്. നിയമത്തില്‍ നിന്ന് ഒളിച്ചോടി നടന്ന പത്മകുമാറിനെ ഒടുവില്‍ പൂട്ടിയിട്ടതോടെ, ഈ തട്ടിപ്പില്‍ ഭരണകക്ഷിക്ക് നേരിട്ടുള്ള പങ്കാളിത്തം വ്യക്തമായിരിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, കോന്നി മുന്‍ എംഎല്‍എയും പത്തനംതിട്ട സിപിഎമ്മിലെ പ്രധാന നേതാവുമായ പത്മകുമാറിന്റെ അറസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയിളക്കിയിരിക്കുകയാണ്. ‘ഉദ്യോഗസ്ഥതലത്തിലെ തെറ്റായ ഇടപെടല്‍’ എന്ന് പറഞ്ഞ് മുഖം രക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ എന്‍. വാസുവിന്റെ അറസ്റ്റോടെ പാളിയതാണ്. ഇപ്പോള്‍, പാര്‍ട്ടിയുടെ മുന്‍നിര നേതാവ് തന്നെ കുടുങ്ങിയതോടെ, സിപിഎമ്മിന്റെ എല്ലാ ന്യായീകരണ കോട്ടകളും തകര്‍ന്നിരിക്കുന്നു. ശബരിമലയുടെ പേരില്‍ നടന്ന ഈ വന്‍ കൊള്ളയില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കുണ്ടോ എന്ന് ജനങ്ങള്‍ സംശയിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന നേതാവിനെ എങ്ങനെ വെള്ളപൂശുമെന്നറിയാതെ നേതൃത്വം ഇപ്പോള്‍ തലകുനിച്ചു നില്‍ക്കുകയാണ്. ഈ ‘ഭരണകൂട മാഫിയ’ക്ക് എതിരെ ജനരോഷം ആഞ്ഞടിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടിവരില്ല.
ഈ അഴിമതിയുടെ ചങ്ങല പത്മകുമാറില്‍ അവസാനിക്കുമോ? അതോ, ദേവസ്വം ബോര്‍ഡിനെ മറയാക്കിയ ഈ കൊടും കൊള്ളയുടെ അണിയറ രഹസ്യങ്ങള്‍ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്ക് നീളുമോ എന്ന ഭയം സിപിഎം ക്യാമ്പിനെ ഗ്രസിച്ചിരിക്കുകയാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് ബോര്‍ഡ് തന്നെയാണ് എന്ന എസ്‌ഐടിയുടെ കണ്ടെത്തല്‍ അതീവ ഗുരുതരമാണ്. സംസ്ഥാനം ഭരിക്കുന്നവര്‍ തന്നെ ക്ഷേത്ര സ്വത്തുക്കള്‍ കവര്‍ച്ച ചെയ്യാന്‍ ഒത്താശ ചെയ്താല്‍, ഈ ‘ചുവപ്പ് ഭരണം’ അഴിമതിയുടെ അങ്ങേയറ്റത്തെ മാതൃകയായി മാറും. ഈ കവര്‍ച്ചക്ക് മൗനാനുവാദം നല്‍കിയ ഭരണത്തലപ്പത്തുള്ള വമ്പന്‍മാര്‍ വരെ വെളിച്ചത്ത് വരണം. കേരളത്തിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന നീതി ലഭിക്കാന്‍ അന്വേഷണം മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്.