യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് : ഗതാഗതം മന്ദഗതിയില്‍; റെഡ് അലര്‍ട്ട്

Jaihind News Bureau
Thursday, November 20, 2025

ദുബായ്: യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ വാഹനഗതാഗതം മന്ദഗതിയിലാണ്.

വ്യാഴാഴ്ച രാവിലെ 10:30 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് യുഎഇയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. ചുവപ്പും മഞ്ഞയും അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. മഞ്ഞ് ബാധിത പ്രദേശങ്ങളില്‍, ദൃശ്യപരത ഗണ്യമായി കുറഞ്ഞു. ഏറ്റവും സാന്ദ്രത കൂടിയ ഭാഗങ്ങളില്‍ ഇത് 300 മീറ്റര്‍ വരെ താഴ്‌ന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി. ചില പ്രദേശങ്ങളിലെ പ്രധാന റോഡുകളില്‍ പോലീസ് കുറഞ്ഞ വേഗത പരിധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ ഏര്‍പ്പെടുത്തി.