ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിലെ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

Jaihind News Bureau
Thursday, November 20, 2025

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ്, ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമുള്ള രാഷ്ട്രപതിയുടെ സവിശേഷ അധികാരം ഉപയോഗിച്ചുള്ള റഫറന്‍സില്‍ വ്യക്തത നല്‍കുന്നത്.

തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ കേസിലാണ് നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ട് സുപ്രീംകോടതി മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധിയില്ല. ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചനാധികാരം ഉപയോഗിക്കുന്നതെന്നും റഫറന്‍സില്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രപതി ഉന്നയിച്ച 14 വിഷയങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള അധികാര തര്‍ക്കങ്ങളിലും ഫെഡറല്‍ സംവിധാനത്തിലും നിര്‍ണ്ണായകമാണ്. ഈ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിധി നിര്‍ണ്ണായകമാണ്.

ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ വിവേചനാധികാരം പ്രയോഗിക്കുന്നത് ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണോ?, ഭരണഘടനാപരമായി സമയപരിധികള്‍ ഇല്ലെങ്കില്‍, കോടതികള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?, ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള സുപ്രീം കോടതിയുടെ അധികാരങ്ങള്‍ നിലവിലുള്ള ഭരണഘടന വ്യവസ്ഥകള്‍ക്ക് അതീതമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് അധികാരം നല്‍കുന്നുണ്ടോ? തുടങ്ങിയവയാണ് പ്രധാനമായും വ്യക്തത തേടുന്ന വിഷയങ്ങള്‍

ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളില്‍ നിയമങ്ങളുടെ വ്യാഖ്യാനവും എക്‌സിക്യൂട്ടീവ്, ജുഡീഷ്യല്‍ അധികാരങ്ങളുടെ ഭരണഘടനാപരമായ അതിരുകളും നിര്‍വചിക്കുന്നതില്‍ ഇന്നത്തെ ഭരണഘടനാ ബെഞ്ചിന്റെ വിധി ചരിത്രപരമാകും.