പിണറായിയുടെ ‘രക്ഷാപ്രവര്‍ത്തന’ത്തിന്റെ ഇരകള്‍; കണ്ണൂരില്‍ നവകേരള സദസ്സില്‍ മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍

Jaihind News Bureau
Thursday, November 20, 2025

 

നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം ശ്രദ്ധേയമാവുന്നു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് വെള്ളച്ചാല്‍, മഹിത മോഹന്‍, യൂത്ത് കോണ്‍ഗ്രസ് കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ പുത്തന്‍ പുരയില്‍ എന്നിവര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സര രംഗത്തുണ്ട്. 2023 നവംബര്‍ 21 നായിരുന്നു ഇവര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

ഈ ദൃശ്യങ്ങള്‍ കേരളീയ പൊതു സമൂഹം ഇനിയും മറന്നിട്ടില്ല. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് കരിങ്കൊടി കാണിച്ചവരെ ക്രൂരമായി ആക്രമിച്ചതിനെ രക്ഷാപ്രവര്‍ത്തനമെന്നാണ് പിണറായി വിജയന്‍ ഇപ്പോഴും ന്യായീകരിക്കുന്നത്. സംഭവം നടന്ന് 2 വര്‍ഷം കഴിയുമ്പോഴും ദുരിതജീവിതമാണ് മര്‍ദനമേറ്റ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്. തലയില്‍ രക്തം കട്ടപിടിച്ചതും കേള്‍വി നഷ്ടമായതുമാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ബാക്കിപത്രം. എന്നാല്‍ അവര്‍ ഇന്ന് പുതിയ ദൗത്യത്തിലാണ്. നവകേരള സദസിന് പഴയങ്ങാടിയില്‍ വച്ചു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ബസ്സിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെയും മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരുടെയും ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് വെള്ളച്ചാല്‍, മഹിത മോഹന്‍, യൂത്ത് കോണ്‍ഗ്രസ് കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ പുത്തന്‍ പുരയില്‍ എന്നിവര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സര രംഗത്തുണ്ട്.

സുധീഷ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മാട്ടൂല്‍ നോര്‍ത്ത് ഡിവിഷനിലാണ് മത്സരിക്കുന്നത്. മഹിത മോഹന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മാതാമംഗലം ഡിവിഷനിലാണ് മത്സരിക്കുന്നത്. രാഹുല്‍ ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്നു. തങ്ങള്‍ നടത്തിയ സമര പോരാട്ടങ്ങള്‍ക്ക് ജനങ്ങള്‍ വോട്ട് നല്‍കി വിജയിപ്പിക്കുമെന്ന് മൂവരും പ്രതീക്ഷിക്കുന്നു.