വൈഷ്ണയ്ക്ക് വോട്ട് കിട്ടിയത് ജനാധിപത്യത്തിന്റെ വിജയം: രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, November 19, 2025

തിരുവനന്തപുരം: വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കുറവന്‍കോണത്ത് വൈഷ്ണയുടെ വാര്‍ഡില്‍ പ്രസംഗിക്കയാണ് വൈഷ്ണയ്ക്ക് വോട്ട് അവകാശം തിരിച്ചുകിട്ടിയ വിധി എത്തിയത്.

കോര്‍പ്പറേഷനില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം എതിരാളികളെ ചകിതരാക്കി എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ കുട്ടിയുടെ വോട്ടവകാശം പോലും റദ്ദാക്കാന്‍ അവര്‍ ശ്രമിച്ചതിന് പിന്നില്‍. സ്വന്തം വിലാസത്തില്‍ 28 കള്ളവോട്ട് ഉള്ള ഒരാളാണ് വൈഷ്ണയുടെ വോട്ടവകാശം റദ്ദാക്കാന്‍ പരിശ്രമിച്ചത്. എന്തായാലും ഒടുവില്‍ സത്യം വിജയിച്ചു. ഇത് ജനാധിപത്യത്തിന്റെയും കോണ്‍ഗ്രസിന്റെയും വിജയമാണ്. ജനങ്ങളുടെ വോട്ടും വൈഷ്ണക്ക് തന്നെ ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം വേദിയിലുണ്ടായിരുന്ന വൈഷ്ണ വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. വോട്ടവകാശം തിരിച്ചു ലഭിച്ചതില്‍ തെരഞ്ഞെടുപ്പിന് കമ്മീഷനു നന്ദിപറഞ്ഞ വൈഷ്ണ ഈ പോരാട്ടത്തില്‍ തനിക്കൊപ്പം നിന്നുള്ള അഭിഭാഷകര്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കും നന്ദി രേഖപ്പെടുത്തി.