
ന്യൂഡല്‍ഹി: 2024-ലെ ഇന്ദിരാഗാന്ധി സമാധാന, നിരായുധീകരണ, വികസന പുരസ്കാരം ചിലി മുന്‍ പ്രസിഡന്റും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മിഷേല്‍ ബാച്ചലെറ്റ് സമ്മാനിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഇന്ദിരാഗാന്ധി സ്മാരക ട്രസ്്റ്റ് ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിയാണ് പുരസ്കാര ദാനം നിര്‍വ്വഹിച്ചത്.
സമാധാനം, ലിംഗസമത്വം, മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം, വികസനം എന്നിവയ്ക്കായി നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും, ഇന്ത്യയും ചിലിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നല്കിയ സംഭാവനകളും പരിഗണിച്ചാണ് ചിലെയുടെ പ്രഥമ വനിതയായിരുന്ന മിഷേല്‍ ബാച്ചലെറ്റിന് ഈ അംഗീകാരം നല്‍കുന്നത്. പോരാട്ടങ്ങളുടെ ജീവിക്കുന്ന ഇതിഹാസമാണ് മിഷേല്‍.
ചിലിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി 2006ലും 2014ലും തിരഞ്ഞെടുക്കപ്പെട്ട മിഷേല്‍, യുഎന്‍ വിമന്‍ (ഡച ണീാലി) സ്ഥാപക ഡയറക്ടര്‍, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ എന്നീ നിലകളിലും സുപ്രധാന സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1951-ല്‍ ജനിച്ച മിഷേല്‍, ചിലിയിലെ അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ഭരണകാലത്ത് ഭരണകൂട ഭീകരതയ്ക്ക് ഇരയായിരുന്നു. ജയില്‍വാസത്തിനും പീഡനങ്ങള്‍ക്കും ശേഷം നാടുകടത്തപ്പെട്ടെങ്കിലും, പിന്നീട് തിരിച്ചെത്തി ചിലിയുടെ ജനാധിപത്യ മാറ്റത്തിന് അവര്‍ നേതൃത്വം നല്കി.
മിഷേല്‍ ബാച്ചലെറ്റ് പ്രസിഡന്റായിരിക്കെയാണ് ഇന്ത്യയും ചിലിയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായി. വിദ്യാഭ്യാസം, നികുതി പരിഷ്കരണങ്ങള്‍ എന്നിവയില്‍ ചിലിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന മിഷേല്‍, പലസ്തീന് ഉള്‍പ്പെടെയുള്ള സംഘര്‍ഷ മേഖലകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കും നല്കിയ പ്രചോദനം മുന്‍നിര്‍ത്തിയാണ് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് ഈ വര്‍ഷത്തെ പുരസ്കാരം മിഷേലിന് നല്‍കിയത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ശിവശങ്കര്‍ മേനോന് അധ്യക്ഷനായ അന്താരാഷ്ട്ര ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.