
വി എം വിനുവിനെതിരായ കോടതി വിധിയെ മാനിക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ പ്രവീണ്‍കുമാര്‍. വി എം വിനു യുഡിഎഫിനൊപ്പം ഉണ്ടാകുമെന്നും കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. വിഎം വിനുവിന് വോട്ടര്‍ പട്ടികയില്‍ പേരില്ല എന്നത് യഥാര്‍ഥ്യമാണ്. എന്നാല്‍ പല വിനുമാരുടെയും വോട്ടുകള്‍ കാണാതായിട്ടുണ്ട്. അവര്‍ക്കൊക്കെ വോട്ടവകാശം ലഭിക്കാനുള്ള പോരാട്ടവുമായി മുന്നോട്ടു പോകും. വോട്ട് വെട്ടിയത് ഭരിക്കുന്ന പാര്‍ട്ടിയാണെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു.
വി എം വിനുവിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോണ്‍ഗ്രസിന് ഒരു പാളിച്ചയും പറ്റിയിട്ടില്ല. യുഡിഎഫിന്റെ വിജയത്തിനായി വിനു തങ്ങള്‍ക്കൊപ്പം ഉണ്ടാകും. പലവട്ടം വോട്ട് ചെയ്ത വ്യക്തി എന്ന നിലയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കല്ലായിലെ പുതിയ സ്ഥാനാര്‍ത്ഥിയെ കോര്‍കമ്മിറ്റി ചേര്‍ന്ന് തെരഞ്ഞെടുക്കും. മെഡിക്കല്‍ കോളേജ് സൗത്തിലെ പുതിയ സ്ഥാനാര്‍ത്ഥിയായി രമ്യ കെ പ്രഖ്യാപിച്ചു. നഗരത്തില്‍ താമസിക്കുന്ന വിഎം വിനുവിന്റെയും കുടുംബത്തിന്റെയും പേരു വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരിക്കുകയും അയല്‍വാസികളുടെ പേര് ഉണ്ടാവുകയും ചെയ്തത് എങ്ങനെയാണെന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തത വരുത്തേണ്ടി വരുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. 2020ലെ വോട്ടര്‍ പട്ടികയില്‍ വിനുവിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് റിട്ടേണിങ് ഓഫിസര്‍ ജില്ലാ കലക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.