
ബംഗളൂരു: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഉത്തരവാദിത്തം പൂര്‍ണമായും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കര്‍ണാടക സി.ഐ.ഡിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ജൂണ്‍ നാലിന് വൈകുന്നേരം നടന്ന അപകടത്തില്‍ 11 പേരാണ് മരണപ്പെട്ടത്. ആര്‍.സി.ബിക്ക് കന്നി ഐ.പി.എല്‍ കിരീടം ലഭിച്ചത് ആഘോഷിക്കാന്‍ സ്റ്റേഡിയത്തിലെത്തിയ ആരാധകരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഘാടന ചുമതലയുണ്ടായിരുന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഡി.എന്‍.എ, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെ.എസ്.സി.എ) എന്നിവര്‍ക്കും സംഭവത്തില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദുരന്തത്തിലേക്ക് നയിച്ചത് ആര്‍.സി.ബിയുടെ ഉത്തരവാദിത്തമില്ലാത്ത നടപടികളാണെന്ന് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷനും നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.
ഐ.പി.എല്‍ ഫൈനലിന് മുമ്പ് തന്നെ വിജയാഘോഷം നടത്താനായി ആര്‍.സി.ബി അധികൃതര്‍ അനുമതി തേടിയിരുന്നു. ഫൈനലില്‍ ടീം വിജയിച്ചതിന് പിന്നാലെ നഗരത്തില്‍ വലിയ ആഘോഷം നടക്കുകയും പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ട്രോഫി പരേഡിന് ആര്‍.സി.ബി അനുമതി തേടിയെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചു. ബെംഗളൂരു നഗരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കാന്‍ ഏകദേശം പതിനഞ്ചോളം സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതി ദിവസങ്ങള്‍ എടുത്താണ് ലഭിക്കുക.
അനുമതി നിഷേധിച്ച വിവരം അധികൃതര്‍ ആര്‍.സി.ബിക്ക് നല്‍കിയിട്ടും, ആര്‍.സി.ബി ഇത് മുഖവിലക്കെടുക്കാതെ സോഷ്യല്‍ മീഡിയയിലൂടെ വിജയാഘോഷ പരേഡ് നടക്കുമെന്ന് അറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ആരാധകര്‍ കൂട്ടത്തോടെ സ്റ്റേഡിയത്തിലെത്തുകയും തിക്കും തിരക്കും കാരണം വലിയ ദുരന്തമായി മാറുകയും ചെയ്തു.
അതേസമയം, വിലക്ക് ലംഘിച്ച് നടത്തിയ പരേഡിലുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് ആര്‍.സി.ബി പ്രഖ്യാപിച്ചിരുന്നു.