അണികളുടെ ആത്മഹത്യ; നേതാക്കളുടെ ബാങ്ക് കൊള്ള; തിരുവനന്തപുരത്ത് അടിത്തറയിളകി; തിരഞ്ഞെടുപ്പിന് മുന്‍പേ തോല്‍വി സമ്മതിച്ച് ബിജെപി

Jaihind News Bureau
Wednesday, November 19, 2025

തലസ്ഥാനത്തെ ബിജെപിക്ക് ഇത് നാണക്കേടിന്റെയും ചതിയുടെയും കാലം! തിരഞ്ഞെടുപ്പിന് മുന്‍പേ തോല്‍വി സമ്മതിച്ച്, അടിത്തറയിളകിയ ഒരു പാര്‍ട്ടിയുടെ ഗതികേടാണ് ഇന്ന് തിരുവനന്തപുരത്ത് കാണുന്നത്. ‘ദേശീയത’യും ‘സത്യസന്ധതയും’ വിളമ്പി നടന്നവരുടെ കൂട്ടത്തില്‍ നിന്ന് സഹകരണ ബാങ്ക് കൊള്ളയടിച്ചതിന് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് തന്നെ കോടികള്‍ തിരിച്ചടയ്ക്കാന്‍ ഉത്തരവ് വന്നിരിക്കുന്നു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷവും മുന്‍ ആര്‍.എസ്.എസ്. പ്രമുഖന്‍ ജി. പത്മകുമാര്‍ 46 ലക്ഷവും അടയ്ക്കണമെന്ന് സഹകരണ വകുപ്പ് ആവശ്യപ്പെടുമ്പോള്‍, ഇത് വെറുമൊരു സാമ്പത്തിക ക്രമക്കേടല്ല, നാല് കോടിയിലധികം രൂപയുടെ തട്ടിപ്പിന് നേതൃത്വം നല്‍കിയവരുടെ മുഖം മൂടിയാണ് അഴിഞ്ഞു വീഴുന്നത്. തട്ടിപ്പും വെട്ടിപ്പും തൊഴിലാക്കിയ ഇവരാണോ കേരളത്തെ നന്നാക്കാന്‍ വരുന്നത്?

ബിജെപി നേതൃത്വത്തിന്റെ ക്രൂരമായ വഞ്ചനയുടെയും പാര്‍ട്ടിയിലെ ജീര്‍ണതയുടെയും അവസാനത്തെ ഇരകളാണ് ആത്മഹത്യ ചെയ്ത പ്രവര്‍ത്തകര്‍. പാര്‍ട്ടിക്കുവേണ്ടി ജീവന്‍ കളഞ്ഞവരെ തള്ളിപ്പറയാന്‍ ബിജെപിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല! തിരുമല അനില്‍കുമാര്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയത്, സാമ്പത്തിക തകര്‍ച്ചയില്‍ പാര്‍ട്ടി കൈവിട്ടു എന്നാണ്. അതുപോലെ, സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മരണം തിരഞ്ഞെടുത്ത ആനന്ദ് തമ്പിയെ ഒറ്റയടിക്ക് ‘ശിവസേനക്കാരന്‍’ എന്ന് പറഞ്ഞ് നേതൃത്വം തള്ളിപ്പറഞ്ഞു. സ്വന്തം അണികള്‍ക്ക് വേണ്ടി സംസാരിക്കാനോ നീതി നല്‍കാനോ കഴിയാത്ത ഈ നേതൃത്വം എങ്ങനെയാണ് ജനങ്ങള്‍ക്ക് രക്ഷകരാകുന്നത്?

അഴിമതിയുടെ ദുര്‍ഗന്ധം ഒരുവശത്ത്, പ്രവര്‍ത്തകരുടെ ചോര മറുവശത്ത്. ഈ ഇരട്ടപ്രഹരത്തില്‍ ബിജെപി നേതൃത്വം ആടിയുലയുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, അഴിമതിക്കാരെ സംരക്ഷിക്കുകയും ആത്മഹത്യ ചെയ്തവരെ തള്ളിപ്പറയുകയും ചെയ്യുന്ന ഈ നിന്ദ്യമായ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയും. തിരുവനന്തപുരത്തെ ബിജെപി നേതൃത്വം ഇന്ന് ലജ്ജയുടെ പര്യായമാണ്. ഈ പാര്‍ട്ടിയെ ജനങ്ങള്‍ പിഴുതെറിയുന്ന സമയം അടുത്തിരിക്കുന്നു. ഇനിയെങ്കിലും ഈ നാടകങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറഞ്ഞ് ബിജെപി നേതൃത്വം കളം വിടണം.