
വയനാട്ടില്‍ സിപ്പ്ലൈന്‍ പൊട്ടി അപകടമെന്ന രീതിയില്‍ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ വയനാട് സൈബര്‍ പൊലീസ് പിടികൂടി. ആലപ്പുഴ തിരുവമ്പാടി തൈവേലിക്കകം വീട്ടില്‍, കെ. അഷ്കറിനെയാണ് പൊലീസ് പിടികൂടിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ വീഡിയോ തയ്യറാക്കി നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. നിര്‍വധി കേസുകളിലും പ്രതിയായ ഇയാളെ ആലപ്പുഴയില്‍ നിന്നാണ് പിടികൂടിയത്.
വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒരു സ്ത്രീയും കുട്ടിയും സിപ്ലൈനില് കയറുന്നതും അവര്‍ അപകടത്തില്‍പ്പെടുന്നതുമായ ദൃശ്യങ്ങളാണ് എ.ഐ പ്രോംപ്റ്റ് ഉപയോഗിച്ച് ഇയാള്‍ കൃത്രിമമായി നിര്‍മിച്ച് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. സമൂഹത്തില്‍ ഭീതി പടര്‍ത്തുന്നതും വയനാട്ടിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്നതുമായി വീഡിയോ ‘അഷ്ക്കറലി റിയാക്ടസ്’ എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. അപകടം നടന്നുവെന്ന രീതിയില്‍ വീഡിയോ പ്രചരിക്കപ്പെട്ടതോടെ ഒക്ടോബര്‍ 30ന് വയനാട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഓ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വധശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, എന്‍.ഡി.പി.എസ് തുടങ്ങിയ കേസുകളിലും ഇയാള്‍ പ്രതിയാണ്.
സബ് ഇന്‍സ്പെക്ടര്‍ മുസ്തഫ, എസ്.സി.പി.ഓ നജീബ്, സി.പി .ഓ മുസ്ലിഹ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ഇത്തരത്തില്‍ വ്യാജ വീഡിയോ നിര്‍മിച്ച് സമൂഹത്തില്‍ ഭീതിയും വിദ്വേഷവും പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.