
വീണ്ടും വിവാദ പ്രസ്താവനയുമായി ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്നാണ് പ്രസ്താവന. ഭാരതത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ്. ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും, ആയിരക്കണക്കിന് വര്‍ഷത്തെ സാംസ്കാരിക തുടര്‍ച്ചയില്‍ വേരൂന്നിയ സ്വത്വമാണെന്നും അദ്ദേഹം ഗുവാഹത്തിയില്‍ പറഞ്ഞു. ‘ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്. ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യയ്ക്ക് ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല,’ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ആര്.എസ്.എസ്. രൂപീകരിക്കപ്പെട്ടത് ആരെയും എതിര്‍ക്കാനോ ഉപദ്രവിക്കാനോ വേണ്ടിയല്ല. മറിച്ച് സ്വഭാവ രൂപീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യയെ ഒരു ആഗോള നേതാവാക്കുന്നതില്‍ സംഭാവന നല്‍കാനുമാണ്. വൈവിധ്യങ്ങള്‍ക്കിടയിലും ഭാരതത്തെ ഒന്നിച്ചു നിര്‍ത്തുന്ന രീതിശാസ്ത്രത്തെയാണ് ആര്.എസ്.എസ്. എന്ന് വിളിക്കുന്നതെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.
ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. ലചിത് ബോര്‍ഫുകനെ, ശ്രീമന്ത ശങ്കര്ദേവയെ പോലുള്ളവര്‍ക്ക് പ്രാദേശിക തലത്തില്‍ മാത്രമല്ല, ദേശീയ തലത്തിലും പ്രസക്തിയുണ്ട്. അവര്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ്. രാഷ്ട്ര നിര്‍മാണത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കൂട്ടായും നിസ്വാര്‍ഥമായും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അസമില്‍ എത്തിയപ്പോഴാണ് മോഹന്‍ ഭാഗവത് വിവാദ പ്രസ്താവന നടത്തിയത്.