
ശബരിമലയില്‍ ഈ മണ്ഡലകാലത്ത് അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്കിലും തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതില്‍ വന്ന വീഴ്ചയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി ദേവസ്വം ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. മുന്നൊരുക്കങ്ങളില്‍ ഏകോപനം ഉണ്ടായില്ലെന്നും, ആറു മാസം മുന്‍പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. മുന്നോട്ട് വരുന്ന ഭക്തരെ തിരക്കി കയറ്റിവിടുന്ന സമീപനം തെറ്റാണെന്നും, ‘അങ്ങനെ തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യം?’ എന്നും ഹൈക്കോടതി വിമര്‍ശിച്ചു.
ശബരിമലയിലെ ഓരോ സെക്ടറിലും എത്രപേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് വ്യക്തമാക്കാന്‍ കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. സ്ഥലപരിമിതി ഉള്ളതിനാല്‍ അതിന് അനുസരിച്ചേ ഭക്തരെ കയറ്റാന്‍ പാടുള്ളൂ എന്നും, തിരക്ക് നിയന്ത്രിക്കുന്നതില്‍ ഏകോപനം പൂര്‍ണ്ണമായും പാളി എന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കെടുകാര്യസ്ഥത കാരണം, മലയാളികളടക്കമുള്ള തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞ ദിവസം ദര്‍ശനം നടത്താന്‍ കഴിയാതെ തിരിച്ചുപോകേണ്ടിവരുന്ന സാഹചര്യമുണ്ടായി. ദര്‍ശനം ലഭിക്കാതെ മടങ്ങിയ തീര്‍ത്ഥാടകര്‍ പന്തളത്ത് പോയി നെയ്യഭിഷേകം നടത്തി മടങ്ങുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകിട്ടോടെയാണ് തിരക്ക് അല്‍പമെങ്കിലും നിയന്ത്രണവിധേയമായത്. ശബരിമലയിലെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ശക്തമായ ഈ വിമര്‍ശനം.