
ആലപ്പുഴയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് കടുത്ത സമ്മര്‍ദ്ദമാണ് നിലവില്‍ അനുഭവപ്പെടുന്നത്. കളക്ടര്‍ അലക്‌സ് വര്‍ഗീസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പരസ്യമായി ശാസിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് ഈ വിഷയം ശ്രദ്ധേയമായത്. ബിഎല്‍ഓമാര്‍ ‘ചടങ്ങിനു വേണ്ടി’ മാത്രമാണ് പണിയെടുക്കുന്നതെന്നാണ് കളക്ടറുടെ വിമര്‍ശനം. ഫീല്‍ഡില്‍ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതിനോട് പ്രതികരിച്ച്, സമ്മര്‍ദ്ദത്തിലാക്കരുതെന്ന് ബിഎല്‍ഓമാര്‍ ഇതേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഭ്യര്‍ത്ഥിക്കുകയും, ഫീല്‍ഡില്‍ നേരിടുന്ന വെല്ലുവിളികള്‍ വിവരിച്ച് സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നുണ്ട്.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബിഎല്‍എ-ബിഎല്‍ഓ യോഗങ്ങള്‍ ഉടന്‍ നടത്താന്‍ നിര്‍ദ്ദേശം പുറത്തുവന്നിട്ടുണ്ട്. പരാതികള്‍ ഒഴിവാക്കുന്നതിനായിട്ടാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. നിലവില്‍ 51,085 ഫോമുകളാണ് സംശയമുള്ളവയുടെ പട്ടികയില്‍ ഉള്ളത്. വോട്ടറുടെ സാന്നിധ്യമോ താമസസ്ഥലമോ ഉറപ്പിക്കാന്‍ കഴിയാത്ത ഫോമുകളുടെ എണ്ണമാണിത്. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാകാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന സിഇഒയുടെ വാര്‍ത്താസമ്മേളനം 11:30-ന് നടക്കും.