
സംവിധായകനും കോഴിക്കോട് കോര്‍പറേഷനിലെ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായി നിശ്ചയിച്ചിരുന്ന വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയിലില്ല. കല്ലായി ഡിവിഷനില്‍ നിന്നായിരുന്നു കോണ്‍ഗ്രസ് വിനുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. അദ്ദേഹം ആദ്യഘട്ട പ്രചാരണം ആരംഭിച്ചിരുന്നു. അതേസമയം, വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവായതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് വ്യാപക ക്രമക്കേട് നടന്നതിന്റെ തെളിവാണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിന് ഉത്തരവാദിയെന്നും കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ കുറ്റപ്പെടുത്തി. കോഴിക്കോട് നഗരത്തില്‍ ജനിച്ചു വളര്‍ന്ന വി.എം. വിനുവിനെ അറിയാത്തവര്‍ ആരുമില്ല. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന്റെ പേരോ ഭാര്യയുടെ പേരോ വോട്ടര്‍ പട്ടികയില്‍ ഇല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടുണ്ടായിരുന്നതിനാല് ഇപ്പോഴുമുണ്ടാകുമെന്ന് വിനു കരുതിയെന്നും, അദ്ദേഹം രാഷ്ട്രീയക്കാരനല്ലെന്നും പ്രവീണ്‍കുമാര്‍ ചൂണ്ടിക്കാട്ടി.
സി.പി.എം. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ഒഴിവാക്കലെന്നും ഡി.സി.സി. പ്രസിഡന്റ് ആരോപിച്ചു. ഈ വിഷയത്തില്‍ നീതി തേടി നാളെത്തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.