ബി.എല്‍.ഒ യുടെ ആത്മഹത്യ: അതീവ ഗൗരവത്തോടെ അന്വേഷിക്കണം; എസ്.ഐ.ആര്‍ ദുരുപയോഗം ചെയ്യാന്‍ സിപിഎം-ബിജെപി ശ്രമമെന്നും വി ഡി സതീശന്‍

Jaihind News Bureau
Monday, November 17, 2025

കണ്ണൂരിലെ ബി.എല്‍.ഒ യുടെ ആത്മഹത്യ അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിഷയത്തില്‍ സി.പി.എമ്മിന്റെ പങ്ക് ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇലക്ഷന്‍ കമ്മീഷന്‍ ബി.എല്‍.ഒ.മാരുടെ പ്രശ്‌നം ഗൗരവതരമായി കാണണം. എസ്.ഐ.ആര്‍ ദുരുപയോഗം ചെയ്യാന്‍ ബി.ജെ.പി.യും സി.പി.എമ്മും ശ്രമിക്കുന്നുണ്ട്. വോട്ടര്‍ പട്ടിക അട്ടിമറിക്കാന്‍ ഇരുപാര്‍ട്ടികളും നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ബി.ജെ.പി.യും സി.പി.എമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

ബി.ജെ.പി.യില്‍ ആത്മഹത്യാ കാലമാണെന്നും ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് പാര്‍ട്ടിക്കെതിരെ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. തകരുമ്പോള്‍ തിരുവനന്തപുരത്ത് സി.പി.എം. സഹായത്തിന് എത്തുകയാണ്. കടകംപള്ളി സുരേന്ദ്രന്‍ ബി.ജെ.പി.യുടെ ആളാണെന്ന് പാര്‍ട്ടി വിടുന്നവര്‍ തന്നെ ആരോപിക്കുന്നത് ഈ അവിശുദ്ധ ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം വോട്ടര്‍ പട്ടികയെ അട്ടിമറിക്കാന്‍ സി.പി.എമ്മും ബി.ജെ.പി.യും ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയ സംഭവമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.