
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫില്‍ കൂട്ടക്കൊഴിഞ്ഞു പോക്കാണ്. സിപിഐയില്‍ നിന്നും സിപിഎമ്മില്‍ നിന്നും നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകിയെത്തുകയാണ്. പത്തനംതിട്ടയില്‍ സിപിഐ വിട്ട മുന്‍ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. നേതൃത്വത്തിന്റെ ഉത്തരവാദിത്തമില്ലായ്മയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ശ്രീനാദേവി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്‍പ് തിരുവനന്തപുരം ജില്ലയിലെ മീനാങ്കല്‍ കുമാര്‍ സിപഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൊല്ലത്തും, പാലക്കാടും, എറണാകുളത്തുമെല്ലാം സമാനമായ രീതിയില്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇടത് മുന്നണിക്കുള്ളിലെ കൊള്ളരുതായ്മകള്‍ നിരത്തിയാണ് നേതാക്കള്‍ മുന്നണി വിടുന്നത്. പണാധിപത്യവും ഏകാധിപത്യവുമാണ് മുന്നണിയെ ഭരിക്കുന്നത് എന്ന വിമര്‍ശനവും ഇവര്‍ മുന്നോട്ടു വെക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തുനില്ക്കുന്ന വേളയില്‍ ഈ കൊഴിഞ്ഞുപോക്ക്് മുന്നണിയെ വല്ലാതെ വലയ്ക്കുന്നുണ്ട്.
മൂന്നാമതും തങ്ങള്‍ തന്നെ അധികാരത്തിലെത്തും എന്ന് ആവര്‍ത്തിക്കുന്ന സിപിഎമ്മിന്റെയും സിപിഐയിലേയും നേതാക്കള്‍ ആകെ അങ്കലാപ്പിലാണ്. പാര്‍ട്ടി വിടുന്ന പ്രവര്‍ത്തകരും നേതാക്കളും സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ തങ്ങള്‍ക്ക് തന്നെ ഇത് തിരിച്ചടിയാകുമെന്ന ബോധ്യം എന്തായാലും നേതാക്കള്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ കാറ്റ് പോയ ബലൂണിന്റെ അവസ്ഥയാകുമോ ഇടത് മുന്നണിക്ക് എന്നതാണ് ഉയരുന്ന ചോദ്യം