
അടൂര്‍: സി.പി.ഐ. വിട്ട മുന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെ.പി.സി.സി ആസ്ഥാനത്ത് അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ശ്രീനാദേവി കെപിസിസി ആസ്ഥാനത്തെത്തിയത്. ഗൗരവതരമായ ഒട്ടനവധി വിഷയങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ ഉണ്ടായിരുന്നുവെന്നും പല പരാതികളും നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓഫീസില്‍ വെച്ചാണ് ശ്രീനാദേവി കുഞ്ഞമ്മ ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുക. സി.പി.ഐ. ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച പള്ളിക്കല്‍ ഡിവിഷനില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശ്രീനാ ദേവി മത്സരിക്കുമെന്നാണ് സൂചന. സി.പി.ഐ.യുടെയും എ.ഐ.വൈ.എഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായി ഈ മാസം ആദ്യമാണ് ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചത്. നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഒട്ടനവധി പരാതികള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഏറെക്കാലമായി സി.പി.ഐ. നേതൃത്വവുമായി അവര്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു.