സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു; പോറ്റിക്ക് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കിയിരുന്നതായി ജീവനക്കാരുടെ മൊഴി

Jaihind News Bureau
Monday, November 17, 2025

ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് കുരുക്ക് മുറുകുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ സര്‍വ്വ സ്വാതന്ത്ര്യവും നല്‍കിയിരുന്നതായി ദേവസ്വം ജീവനക്കാര്‍ മൊഴി നല്‍കി. പോറ്റിയുടെ ബന്ധുക്കളും അതിഥികളും മുന്‍ ദേവസ്വം പ്രസിഡന്റിന്റെ മുറിയാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ, പൂജാ ബുക്കിംഗുകളിലും പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നതായും ജീവനക്കാര്‍ വെളിപ്പെടുത്തി. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധനക്കായി സന്നിധാനത്തെ സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും.

കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എഫ്.ഐ.ആര്‍., അനുബന്ധ മൊഴികള്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പാണ് ഇ.ഡി. തേടുന്നത്. റാന്നി കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയെ സമീപിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും അനിവാര്യമാണെന്നുമാണ് ഇ.ഡി.യുടെ പ്രധാന ആവശ്യം.