
ധാക്ക: അധികാരം നഷ്ടപ്പെട്ട് രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ സുപ്രധാന കേസില്‍ ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍ ഇന്ന് വിധി പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ ജൂലൈയില്‍ ഉണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളുടെ ആരോപണങ്ങളാണ് ഹസീന നേരിടുന്നത്. നിലവില്‍ ഇന്ത്യയിലുള്ള ഹസീനയെയും മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന് കമലിനെയും അസാന്നിധ്യത്തിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്.
വിധി പ്രഖ്യാപനം മുന്നില്‍ക്കണ്ട് ആവാമി ലീഗ് ഇന്ന് രാജ്യവ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വിചാരണ രാഷ്ട്രീയ പ്രേരിതമാണെന്നും യൂനസ് നേതൃത്വം നല്കുന്ന ഇടക്കാല സര്‍ക്കാര്‍ തങ്ങളെ ലക്ഷ്യമിടുകയാണെന്നും ആവാമി ലീഗ് ആരോപിക്കുന്നു. വിധിക്ക് മുന്നോടിയായി, ആവാമി ലീഗ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വൈകാരികമായ ശബ്ദ സന്ദേശത്തില്‍ ഷെയ്ഖ് ഹസീന പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു. ‘ഭയപ്പെടാന്‍ ഒന്നുമില്ല. ഞാന്‍ ജീവനോടെയുണ്ട്. ഞാന്‍ ജീവിക്കും. ഞാന്‍ രാജ്യത്തെ ജനങ്ങളെ പിന്തുണയ്ക്കും,’ അവര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ തുടരാനും ഇടക്കാല സര്‍ക്കാരിനെതിരെ പോരാടാനും അവര്‍ ആഹ്വാനം ചെയ്തു. തനിക്കെതിരായ എല്ലാ കുറ്റങ്ങളും കെട്ടിച്ചമച്ചതാണെന്നും ട്രിബ്യൂണല്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ പാലിച്ചല്ല രൂപീകരിച്ചതെന്നും അവര്‍ ആരോപിച്ചു. ഡോ. മുഹമ്മദ് യൂനസാണ് ജൂലൈ പ്രക്ഷോഭസമയത്ത് കൊലപാതകങ്ങള്‍ക്ക് ഉത്തരവിട്ടതെന്നും ഹസീന ആരോപിച്ചു.
ഹര്‍ത്താല്‍ ആഹ്വാനം വന്നതിനെത്തുടര്‍ന്ന് ധാക്കയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. ഞായറാഴ്ച രാത്രി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനങ്ങളും കല്ലേറുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇടക്കാല സര്‍ക്കാര്‍ ഉപദേഷ്ടാവിന്റെ വീടിന് പുറത്തും കാര്വാന് ബസാര്‍ പ്രദേശത്തും നാടന്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചു.
ക്രമസമാധാനം ഉറപ്പാക്കാന്‍ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കണ്ടാലുടന്‍ വെടിവെക്കാന്‍ ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് കമ്മീഷണര്‍ എസ്.എം. സജ്ജാത്ത് അലി ഉത്തരവ് നല്‍കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന് കോംപ്ലക്സിലും പൊതുസ്ഥലങ്ങളിലും തീയിട്ട സംഭവങ്ങളെത്തുടര്‍ന്നാണ് അധികൃതര്‍ നിലപാട് കടുപ്പിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ നിരവധി കേസുകളാണ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീന നിലവില്‍ നേരിടുന്നത്. ട്രിബ്യൂണലിന്റെ ഇന്നത്തെ വിധി ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും.