
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദവും സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദവും കാരണം ആത്മഹത്യ ചെയ്ത കണ്ണൂര്‍ കാങ്കോല്‍-ആലപ്പടമ്പ് ഏറ്റുകുടുക്ക ബൂത്തിലെ ബി.എല്‍.ഒ. അനീഷ് ജോര്‍ജ്ജിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും.
കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ ഫോറം വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രതിനിധിയായ ബി.എല്‍.എ.യെ എസ്.ഐ.ആര്‍ ഫോറം വിതരണത്തിന് കൂടെ കൂട്ടുന്നതിനെച്ചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
അനീഷ് ജോര്‍ജ്ജിന് സി.പി.എം. പ്രാദേശിക നേതാവിന്റെ ഭീഷണിയുണ്ടായെന്നും ഇതിന് ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് അറിയിച്ചു. ഭീഷണിയുടെ ശബ്ദരേഖ ഇന്ന് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം പുറത്തുവിടും. ‘ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും’ എന്നായിരുന്നു ഭീഷണി.
അനീഷ് ജോര്‍ജ്ജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏറ്റുകുടുക്കയിലെ വീട്ടില്‍ എത്തിച്ചു. ഉച്ചയ്ക്ക് ശേഷമാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
സംഭവത്തില്‍ സംസ്ഥാനത്തെ ബി.എല്‍.ഒ.മാര്‍ ഇന്ന് ജോലി ബഹിഷ്‌കരിക്കും. എസ്.ഐ.ആര്‍. ഫോറം വിതരണത്തില്‍ നിന്ന് ഉള്‍പ്പടെ വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. കൂടാതെ, ബി.എല്‍.ഒയുടെ ആത്മഹത്യയില്‍ വ്യാപക പ്രതിഷേധമുയര്‍ത്തിക്കൊണ്ട് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. ബി.എല്‍.ഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട എസ്.ഐ.ആര്‍. നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ടു.
അതേസമയം അനീഷ് ജോര്‍ജ്ജിന്റെ മരണത്തിന് പിന്നില്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അംഗന്‍വാടി അധ്യാപകരെ ബി.എല്‍.ഒ.മാരായി മാറ്റിയതിന്റെ ഭാഗമായാണ് ആലപ്പടമ്പ് കുന്നരു യു.പി. സ്‌ക്കൂളിലെ ഓഫീസ് അറ്റന്‍ഡറായ അനീഷിനെ ഈ ചുമതല ഏല്‍പ്പിച്ചത്. സംഭവ ദിവസമോ അതിനുമുമ്പോ ഒരു ഉദ്യോഗസ്ഥനും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ഭീഷണിപ്പെടുത്തുന്ന സ്വഭാവമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. വ്യക്തിപരമായ സമ്മര്‍ദ്ദത്തിനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണം തുടരുന്നതായും കളക്ടറുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.