‘മാതൃകാ സഖാവ്’… ലഹരിക്കടത്തില്‍ പുറത്താക്കിയ നേതാവിന് ആലപ്പുഴയില്‍ സീറ്റ് നല്‍കി സിപിഎം; പ്രതിഷേധം രൂക്ഷം

Jaihind News Bureau
Sunday, November 16, 2025

ആലപ്പുഴ: നിരോധിത പുകയില ഉത്പന്നക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ ഏരിയ കമ്മിറ്റി അംഗവും ആലപ്പുഴ നഗരസഭ അംഗവുമായിരുന്ന എ. ഷാനവാസിന് സി.പി.എം വീണ്ടും നഗരസഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ്. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിലവില്‍ പാര്‍ട്ടി അംഗത്വം പോലും പുനഃസ്ഥാപിച്ച് നല്‍കാത്ത നേതാവിന് സീറ്റ് നല്‍കിയത് ആലപ്പുഴയിലെ സി.പി.എം. നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ലഹരി ഉപോത്പന്നക്കടത്തുമായി ബന്ധപ്പെട്ട കോലാഹലങ്ങളെ തുടര്‍ന്ന് 2023 ജൂണിലാണ് ഷാനവാസിനെ പാര്‍ട്ടി നേതൃത്വം ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും പ്രാഥമിക അംഗത്വം റദ്ദാക്കുകയും ചെയ്തത്. ഷാനവാസിന്റെ പേരിലുള്ള ലോറിയില്‍ നിന്ന് ഏകദേശം ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ കേസിലാണ് നടപടി നേരിട്ടത്. പാര്‍ട്ടിയെ അറിയിക്കാതെയാണ് ഷാനവാസ് ലോറി വാങ്ങിയതെന്നും പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

നിലവില്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാത്ത സാഹചര്യത്തിലും കഴിഞ്ഞ ദിവസം എല്‍.ഡി.എഫ്. പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നഗരസഭയിലെ തോന്നല്‍ വാര്‍ഡിലെ സി.പി.എം. സ്ഥാനാര്‍ത്ഥിയായി ഷാനവാസിന്റെ പേരും ഉള്‍പ്പെട്ടു. ഇതാണ് പ്രവര്‍ത്തകരുടെ ഇടയില്‍ പ്രതിഷേധം ശക്തമാക്കിയത്. നഗരസഭയിലെ പല സീറ്റുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍, ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വം കൂടി വിവാദമായതോടെ പ്രശ്‌നപരിഹാരത്തിനായി പാര്‍ട്ടി വളരെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്.