
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വായു മലിനീകരണം അതീവ ഗുരുതരമായ നിലയില്‍ തുടരുന്നു. ശനിയാഴ്ച ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ലാഹോര്‍ രണ്ടാമതെത്തി. ഇവിടെ വായു ഗുണനിലവാര സൂചിക 396 ആണ് രേഖപ്പെടുത്തിയത്. പഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ വായുവിന്റെ ഗുണനിലവാരം അതീവ അപകടകരമായി തുടരുന്നുണ്ടെന്നാണ് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ വിഷാംശം നിറഞ്ഞ വായു രേഖപ്പെടുത്തിയത് ഫൈസലാബാദിലാണ്. 571 ആയിരുന്നു ഫൈസലാബാദിലെ വായു ഗുണനിലവാര സൂചിക. ഗുജ്റന്‍വാല, ലഹോര്‍, മുള്‍ട്ടാന്‍ എന്നിവിടങ്ങളില്‍ ക്രമേണ 570, 396, 257 എന്നിങ്ങനെയായിരുന്നു സൂചിക. കഴിഞ്ഞ വര്‍ഷം ശൈത്യകാലം ആരംഭിച്ചതോടെ പഞ്ചാബ് പ്രവിശ്യ പൂര്‍ണ്ണമായും വിഷലിപ്തമായ പുകമഞ്ഞിന്റെ പിടിയിലായിരുന്നു. അന്ന് ലാഹോറിലെ മലിനീകരണ തോത് ലോകാരോഗ്യ സംഘടന നിശ്ചയിച്ച ശുദ്ധവായു പരിധിക്ക് മുകളിലായിരുന്നു.
വായു മലിനീകരണം രൂക്ഷമാകുന്നതിന് നിരവധി ഘടകങ്ങള്‍ കാരണമാകുന്നുണ്ട്. കുറഞ്ഞ ഗ്രേഡ് ഡീസലിന്റെ ഉപയോഗം, കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കല്‍, കുറഞ്ഞ താപനില എന്നിവയെല്ലാം ഈ വിഷ മൂടല്‍മഞ്ഞിന് കാരണമാണ്. കൂടാതെ, വനനശീകരണം, കൃഷിഭൂമി കോണ്‍ക്രീറ്റ് ഘടനകളാക്കി മാറ്റല്‍, ഗതാഗതം, വൈദ്യുതി ഉല്‍പാദനം, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് മലിനീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തു.
വയു മലിനീകരണം രൂക്ഷമായതോടെ സ്‌കൂളുകള്‍ അടച്ചു. മാര്‍ക്കറ്റുകളുടെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം പരിമിതപ്പെടുത്തി. പുറത്തെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താനും മാസ്‌കുകള്‍ ധരിക്കാനും ജനലുകള്‍ അടച്ചിടാനും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.