എത്യോപ്യയില്‍ മാരക മാര്‍ബര്‍ഗ് വൈറസ്; 9 പേര്‍ക്ക് രോഗം; 88 ശതമാനം വരെ മരണനിരക്ക്

Jaihind News Bureau
Sunday, November 16, 2025

 

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ മാരകമായ മാര്‍ബര്‍ഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഈ വൈറസ് കണ്ടെത്തുന്നത്. ഉയര്‍ന്ന മരണനിരക്കുള്ള ഈ രോഗം ഒന്‍പത് പേര്‍ക്കാണ് നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് വ്യാപനം തടയാന്‍ ലോകാരോഗ്യ സംഘടന പ്രത്യേക സംഘത്തെ എത്യോപ്യയിലേക്ക് അയച്ചിട്ടുണ്ട്.

മാര്‍ബര്‍ഗ് വൈറസ് ബാധയ്ക്ക് 88 ശതമാനം വരെയാണ് മരണനിരക്ക്. എബോളയ്ക്ക് സമാനമായ ഈ വൈറല്‍ ഹെമറേജിക് പനിക്ക് നിലവില്‍ പ്രത്യേക ചികിത്സകളോ വാക്‌സിനുകളോ ലഭ്യമല്ല. ദക്ഷിണ സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന ഓമോ മേഖലയിലാണ് രോഗബാധ കണ്ടെത്തിയത്.

വവ്വാലുകളില്‍ നിന്നാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയും അവരുടെ ശരീരദ്രവങ്ങളിലൂടെയുമാണ് രോഗം വ്യാപിക്കുന്നത്. കടുത്ത പനി, ശക്തമായ തലവേദന, പേശീവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രൂക്ഷമാകുമ്പോള്‍ വയറിളക്കം, ഛര്‍ദി, ശരീരത്തില്‍ നിന്നുള്ള രക്തസ്രാവം തുടങ്ങിയവയുമുണ്ടാവും.

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നേരത്തെ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് പരിശോധനകള്‍ നടത്തിയത്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ലോകാരോഗ്യ സംഘടന നിയോഗിച്ച പ്രത്യേക സംഘം എത്യോപ്യന്‍ അധികൃതരുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. കഴിഞ്ഞ വര്‍ഷം റുവാണ്ടയിലും ഈ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.