ഇനി മണ്ഡലകാലം… മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും; പുതിയ മേല്‍ശാന്തിമാര്‍ക്ക് അയ്യപ്പസന്നിധിയില്‍ സ്ഥാനാരോഹണം

Jaihind News Bureau
Sunday, November 16, 2025

ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ഇന്ന് ശബരിമല നട തുറക്കും. വൈകിട്ട് 5 മണിക്ക് നിലവിലെ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി തിരുനട തുറന്ന് ഭഗവത് വിഗ്രഹത്തിന് മുന്നിലെ ദീപങ്ങള്‍ തെളിയിക്കും. ഉപദേവതാ നടകളിലും ദീപം തെളിച്ച ശേഷം പതിനെട്ടാം പടി ഇറങ്ങി ആഴിയില്‍ അഗ്‌നി പകരും. തുടര്‍ന്ന് 18 ാം പടിക്ക് താഴെ ഇരുമുടിക്കെട്ടെന്തി കാത്തു നില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരെ, കൈ പിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പുതിയ മേല്‍ശാന്തിമാരെ അവരോധിക്കല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് ഒരു വര്‍ഷക്കാലത്തെ പൂജകള്‍ പൂര്‍ത്തിയാക്കി അരുണ്‍കുമാര്‍ നമ്പൂതിരി ഭഗവാനോട് യാത്ര പറഞ്ഞ് രാത്രി തന്നെ മലയിറങ്ങും. നാളെ പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. തിങ്കളാഴ്ച്ച പുലര്‍ച്ചെ 3 മണിക്ക് പുതിയ ശബരിമല മേല്‍ശാന്തി പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി, എന്നിവരുടെ നേതൃത്വത്തില്‍ മണ്ഡല പൂജകള്‍ ആരംഭിക്കും. ദിവസവും പുലര്‍ച്ചെ മൂന്ന് മുതല്‍ ഒരു മണി വരെയും ഉച്ചക്ക് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം ഉണ്ടാവുക.

മണ്ഡല കാലത്തെ മുഴുവന്‍ ദിവസങ്ങളിലേക്കും 70000 പേര്‍ വെര്‍ച്ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇനി സ്‌പോട് ബുക്കിങ്ങിലൂടെ മാത്രമേ ദര്‍ശനം സാധ്യമാകൂ. സ്‌പോട്ട് ബുക്കിങില്‍ പരമാവധി 20000 പേര്‍ക്ക് എന്ന് പറയുന്നുണ്ടെങ്കിലും കൂടുതല്‍ അയ്യപ്പ ഭക്തര്‍ എത്തിയാലും കടത്തിവിടാനാണ് സാദ്ധ്യത. ഡിസംബര്‍ മാസം 26 ന് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. 27 നാണ് മണ്ഡല പൂജ. അന്ന് രാത്രി നട അടക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനം സമാപിക്കും.

തുടര്‍ന്ന് ഡിസംബര്‍ 30 ന് വൈകുന്നേരം 5 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്. ജനുവരി 19 ന് രാത്രി പത്ത് മണി വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. ജനുവരി 20 ന് രാവിലെ പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയ ശേഷം, ഭസ്മവും രുദ്രാക്ഷവും യോഗദണ്ഡും ധരിപ്പിച്ച് ഭഗവാനെ യോഗനിദ്രയിലാക്കിയ ശേഷം. മേല്‍ശാന്തി നട അടക്കുന്നതോടെ. ഈ വര്‍ഷത്തെ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനമാകും.