
ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദ് കെ. തമ്പിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാര്‍, നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരെ ചോദ്യം ചെയ്യും. ഇവരെക്കൂടാതെ ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും പൊലീസ് ചോദ്യം ചെയ്യും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.
തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും തന്നെ പരിഗണിക്കാതിരുന്നതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. ബിജെപി നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മണ്ണു മാഫിയ സംഘം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയതാണ് തൃക്കണ്ണാപുരം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി ആകാന്‍ കഴിയാതിരുന്നതിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിഞ്ഞില്ലെന്നും ആനന്ദ് സൂചിപ്പിച്ചു. തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആര്‍എസ്എസുകാരനായി ജീവിച്ചു എന്നതാണെന്നും കുറിപ്പില്‍ പറയുന്നു.
തന്റെ ഭൗതികശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല, എന്നാല്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ മൃതദേഹം കാണാന്‍ പോലും അനുവദിക്കരുതെന്നും ആനന്ദ് കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.