വോട്ട് ചോരിയിലും, എസ്ഐആറിലും ആശങ്കയില്ല; കേരളത്തിലെ സിപിഎമ്മിന് എന്നും പ്രിയം ബിജെപിയോട് തന്നെ

Jaihind News Bureau
Saturday, November 15, 2025

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയും സിപിഎമ്മും അനിയനും ചേട്ടനും പോലെയാണെന്ന് പ്രതിപക്ഷം പറഞ്ഞത് ഇന്നോ ഇന്നലെയോ അല്ല. നാളുകള്‍ക്ക് മുന്‍പാണ്. അത് അനുദിനം തെളിയിക്കുകയാണ് സിപിഎം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ സിപിഎം നേതാക്കളുടെയും അണികളുടെയും പ്രതികരണം. ബിഹാറില്‍ എസ്ഐആറിലുടെ എന്‍ഡിഎക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയ്തത് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുമ്പോള്‍ ഒരു വാക്ക് കൊണ്ടു പോലും പ്രതികരിക്കാന്‍ സിപിഎം തയ്യാറല്ല.

ബിനീഷ് കോടിയേരി, പി.സരിന്‍ തുടങ്ങി സാധാരണ സൈബര്‍ പോരാളികള്‍ വരെ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തുകയാണ്. ബിജെപി സൈബര്‍ ടീം രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന അതെ പ്രയോഗങ്ങളാണ് ബിനീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസില്‍ നിന്നും സീറ്റ് മോഹിച്ച് മറുകണ്ടം ചാടിയ പി സരിന്റെ പ്രതികരണവും മറിച്ചല്ല. സിപിഎമ്മിന്റെ ഒരു സീനിയര്‍ നേതാവ് പോലും ഇവരെ തിരുത്താന്‍ രംഗത്ത് വന്നില്ല എന്നത് ബിജെപിയോടുള്ള വിധേയത്വം വ്യക്തമാക്കുകയാണ്.

കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പരിഹസിക്കാന്‍ മത്സരിക്കുന്ന സിപിഎം നേതാക്കള്‍ എന്ത് സന്ദേശമാണ് അനുയായികള്‍ക്ക് നല്‍കുന്നത് എന്നാണ് പൊതു സമൂഹം ചോദിക്കുന്നത്. രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച വോട്ട് കൊള്ളയെന്ന ഗുരുതര ആക്ഷേപത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേരളത്തിലെ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. രാജ്യവ്യാപകമായി കോണ്‍ഗ്രസ പ്രതിഷേധം നടത്തിയപ്പോഴും സിപിഎം ഉറക്കത്തിലായിരുന്നു. ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ ദുരൂഹമായി തുടരുമ്പോഴാണ് കേരളത്തിലെ സിപിഎം കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞ് കളം നിറയുന്നത്. അന്നും ഇന്നും കേരളത്തിലെ സിപിഎമ്മിന് പ്രിയം ബിജെപിയോട് തന്നെയെന്ന് ചുരുക്കം.